വിശന്ന് വലഞ്ഞിട്ടും ശാരീരിക വെല്ലുവിളി നേരിടുന്ന കൂട്ടുകാരനെ ഊട്ടി ആദര്‍ശ്; മനസ് നിറച്ച് വീഡിയോ

വിശന്ന് വലഞ്ഞിട്ടും തന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ ഊട്ടുന്ന വിദ്യാർത്ഥിയുടെ വീഡിയോ ആണ് ഇപ്പോൾ സൈബർ ലോകത്ത് മനസ് നിറയ്ക്കുന്ന കാഴ്ചയാകുന്നത്. കലോത്സവ വേദിയിൽ മാപ്പിളപ്പാട്ട് മത്സരം നടക്കവേയാണ് ശാരീരിക വെല്ലുവിളി നേരിടുന്ന കൂട്ടുകാരന് ആദർശ് തുണയായത്. വിശന്നിരിക്കുമ്പോഴും തന്റെ മുന്നിലെ ഭക്ഷണപ്പൊതി തുറക്കുക പോലും ചെയ്യാതെയാണ് ആദർശ് തന്റെ പ്രിയപ്പെട്ടവന് അന്നമൂട്ടിയത്.

കൂട്ടുകാരന്റെ വിശപ്പ് അടങ്ങിയ ശേഷം താൻ കഴിച്ചുകൊള്ളാം എന്ന ചിന്താഗതിയായിരുന്നു ആ നിമിഷം ഈ കൊച്ചുബാലന്റെ മനസിൽ. മനസും കണ്ണും ഒരുപോലെ നിറയ്ക്കുന്ന ദൃശ്യങ്ങൾ മലപ്പുറം കോട്ടക്കൽ കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപികയാണ് ക്യാമറയിൽ പകർത്തിയത്.

നിമിഷ നേരംകൊണ്ടാണ് വിദ്യാർത്ഥികളുടെ ഈ കരുണയും സ്‌നേഹവും സോഷ്യൽമീഡിയയിൽ നിറഞ്ഞത്. കരുണയോടുള്ള കുട്ടിയുടെ പെരുമാറ്റം ഏവർക്കും മാതൃകയാണെന്നും വളർന്നു വരുമ്പോൾ നല്ലൊരു മനുഷ്യനായി തീരും എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ എത്തുന്ന കമന്റുകൾ.

Exit mobile version