കളഞ്ഞുകിട്ടിയ പഴ്‌സ് തുറന്നപ്പോൾ നോട്ട് കെട്ടുകൾ; അധ്യാപകനെ ഏൽപ്പിച്ച് 10-ാം ക്ലാസുകാരൻ, ഉടമയെ തേടിപ്പിടിച്ച് തിരികെ ഏൽപ്പിച്ചു; മുഹമ്മദ് യാസിന് കൈയ്യടികൾ നൽകി നാട്

അമ്പലപ്പുഴ: കളഞ്ഞു കിട്ടിയ പേഴ്‌സ് തിരികെ നൽകി മാതൃകയായി 10-ാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് യാസിൻ. രാവിലെ ട്യൂഷന് പോകുന്നതിനിടെയാണ് വഴിയോരത്ത് പഴ്‌സ് കിടക്കുന്നത് യാസിൻ കണ്ടത്. തുറന്നു നോക്കിയപ്പോൾ അടക്കിവെച്ചിരിക്കുന്ന നോട്ടുകളാണ് കണ്ടത്. ഒപ്പം കുറച്ച് രേഖകളും. ശേഷം പഴ്‌സും എടുത്ത് തന്റെ ട്യൂഷൻ അധ്യാപകനായ ഉണ്ണിയെ ഏൽപ്പിച്ചു. പഴ്‌സിലുള്ളകത് 25,000 രൂപയാണെന്ന് ഉണ്ണി എണ്ണിത്തിട്ടപ്പെടുത്തി.

ഉടൻ തന്നെരേഖകളിലുള്ള ഫോൺ നമ്പരിൽ ബന്ധപ്പെട്ട് പഴ്‌സ് കിട്ടിയെന്നും കൈപ്പറ്റണമെന്നും അറിയിച്ചു. തന്റെ പഴ്‌സ് തിരികെ കിട്ടിയ സന്തോഷത്തിലാണ് ഉടമ. ആര്യാട് സ്വദേശി സിബിയുടേതായിരുന്നു പഴ്‌സ്. പഴ്‌സിലുള്ള തുകയും പഴ്‌സിന്റെ നിറവും ഉൾപ്പെടെയുള്ള കാര്യങ്ങൾ സിബി പറഞ്ഞതോടെ ഉടമ സിബി തന്നെയെന്ന് ഉറപ്പിച്ച ശേഷമാണ് പഴ്‌സ് ഉണ്ണി കൈമാറിയത്.

നീർക്കുന്നത്ത് താമസിക്കുന്ന ഇദ്ദേഹം വണ്ടാനത്തെ കടയിൽനിന്നു സാധനങ്ങൾ വാങ്ങി കാറിൽ കയറുന്നതിനിടെ ഫോൺ വന്നിരുന്നു. തുടർന്ന് പഴ്‌സ് കാറിന്റെ ബോണറ്റിൽവച്ച ശേഷം ഫോണിൽ സംസാരിച്ചു. പിന്നീട് ഇതു മറന്ന് കാറിൽ യാത്രയായി.

ഇതിനിടെ പഴ്‌സ് റോഡിൽ തെറിച്ചു വീഴുകയായിരുന്നു. വീട്ടിൽ എത്തിയപ്പോഴാണ് പഴ്‌സ് നഷ്ടപ്പെട്ടുവെന്നറിയുന്നത്. പിന്നാലെയാണ് ഉണ്ണിയുടെ ഫോൺവിളിയും എത്തിയത്. പഴ്‌സ് തിരികെ ഏൽപ്പിക്കാനുള്ള നല്ല മനസ് കാണിച്ച യാസിനെ യുകെഡി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അനുമോദിച്ചു. യാസിന് പാരിതോഷികം നൽകാനും പഴ്‌സിന്റെ ഉടമ മറന്നില്ല.

Exit mobile version