റോഡില്‍ നിന്നും വന്‍തുക കളഞ്ഞുകിട്ടി: ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മാതൃകയായി പ്രവാസി മലയാളി, അഭിമാനമായി അശോകന്‍

ബഹ്‌റൈന്‍: റോഡില്‍ നിന്നും കളഞ്ഞു കിട്ടിയ വന്‍തുക ഉടമയെ തിരിച്ചേല്‍പ്പിച്ച് മാതൃകയായി പ്രവാസി മലയാളി. ബഹ്‌റൈന്‍ പ്രവാസിയായ വടകര മേപ്പയ്യില്‍ സ്വദേശി അശോകനാണ് പ്രവാസി സമൂഹത്തിന് അഭിമാനമായിരിക്കുന്നത്. പതിനേഴ് വര്‍ഷമായി അശോകന്‍ പ്രവാസിയാണ്.

പനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള കന്‍സാറ ജൂവലറിയിലെ ജീവനക്കാരനാണ് അശോകന്‍. കഴിഞ്ഞ ദിവസം രാവിലെ ജൂവലറിയുടെ സമീപമുള്ള വഴിയില്‍ വെച്ച്, ബിസ്‌കറ്റ് കവറിനുള്ളില്‍ പൊതിഞ്ഞ നിലയിലാണ് ഇന്ത്യന്‍ രൂപയില്‍ ഏകദേശം മൂന്ന് ലക്ഷത്തിനടുത്ത് വരുന്ന തുക, ആയിരത്തി അഞ്ഞൂറ്റി നാല്‍പത് ബഹ്‌റൈന്‍ ദിനാര്‍ അശോകന് ലഭിക്കുന്നത്.

ഉടന്‍ തന്നെ അശോകന്‍ ജ്വല്ലറി ഉടമയെ വിവരമറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും മറ്റൊരു ജൂവലറിയില്‍ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശിയുടേതാണ് പണം എന്ന് കണ്ടെത്തി.

തുടര്‍ന്ന് അദ്ദേഹത്തിന് തന്നെ പണം തിരികെ ഏല്‍പ്പിക്കുകയായിരുന്നു. നഷ്ടപ്പെട്ടു എന്ന് കരുതിയ തന്റെ പണം ഏറെ സന്തോഷത്തോടെ അദ്ദേഹം സ്വീകരിച്ചു. പാരിതോഷികമായി ഒരു തുക അശോകന് വാഗ്ദാനം ചെയ്‌തെങ്കിലും അത് സ്‌നേഹത്തോടെ നിരസിക്കുകയായിരുന്നു അശോകന്‍.

വടകര മേപ്പയിലാണ് അശോകന്റെ കുടുംബമുള്ളത്. ഭാര്യ സജിത, മക്കള്‍ ആദില്‍, അലന്‍.

Exit mobile version