ന്യൂഡൽഹി: എല്ലാ വീടുകളിലും ത്രിവർണപതാക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് വീടുകളിൽ ദേശീയപതാക ഉയർത്തിയിരിക്കുകയാണ് എല്ലാവരും. ഇപ്പോഴിതാ ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പങ്കുവച്ചിരിക്കുകയാണ്.
ഇതിനിടെ, വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവച്ച ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. വീടിനു മുന്നിൽ ദേശീയപതാക ഉയർത്തുന്ന വയോധിക ദമ്പതികളുടെ ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. വയോധികയായ സ്ത്രീ വീപ്പയ്ക്കു മുകളിൽ കയറിനിന്ന് പതാക കെട്ടാൻ ശ്രമിക്കുന്നു.
ഈ വീപ്പ വീഴാതെ നോക്കാനായി താഴെനിന്ന് വയോധികൻ പിടിച്ചിട്ടുണ്ട്. വീപ്പയ്ക്കു സമീപം പച്ച നിറത്തിലുള്ള പ്ലാസ്റ്റിക് സ്റ്റൂളും കാണാം. വീപ്പയ്ക്കു മുകളിൽ കയറാൻ വയോധിക ഉപയോഗിച്ചതാകാം ഈ സ്റ്റൂൾ.
‘സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ എന്തിനാണ് ഇത്ര ബഹളം കൂട്ടുന്നതെന്ന് ഈ രണ്ടു പേരോട് ചോദിക്കൂ. ഏതൊരു അധ്യാപകനും പറഞ്ഞു മനസ്സിലാക്കി തരുന്നതിലും നന്നായി ഇവർ പറഞ്ഞു തരും. ജയ് ഹിന്ദ്’- എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ഈ ചിത്രം പങ്കുവച്ചത്.
