ഇടുക്കി: ഒന്നര വർഷനിടയിൽ തലയിൽ 7 സർജറി; 27 റേഡിയേഷനുകൾ; ദിവസവും ഫിസിയോ തെറാപ്പി ; ബി ടെക്കും എം ബി എയും കഴിഞ്ഞ് കൊച്ചി അസ്റാർമെഡിസിറ്റിയിൽ ജോലി ചെയ്തിരുന്ന അഥീന ജോൺ എന്ന കൊച്ച് മിടുക്കി വേദനകളില്ലാത്ത ലോകത്തേക്ക് ഇന്നലെ യാത്രയായി.
ബിടെക്കും എംബിഎയും കഴിഞ്ഞ് ആസ്റ്റർ മെഡിസിറ്റിയിൽ പീഡിയാട്രിക് കോ ഓർഡിനേറ്റർ ആയി ജോലി ചെയ്തിരുന്ന അഥീന ജോൺ (28) എന്ന കൊച്ചുമിടുക്കിയുടെ ലോകം ആശുപത്രി മുറിക്കുള്ളിൽ ഒതുങ്ങിയിരുനെങ്കിലും അഥീനയും കുടുംബവും പ്രതീക്ഷയുടെ വക്കിലായിരുന്നു. ചികിത്സകൾക്കൊടുവിൽ പഴയതുപോലെ പാറിപ്പറന്നു നടക്കുന്ന ജീവിതം സ്വപ്നം കാണുകയായിരുന്ന അഥീന തന്റെ സ്വപ്നലോകത്തിൽ നിന്നും യാത്രയായത് ഇന്നലെയായിരുന്നു.
കോട്ടയം ഏറ്റുമാനൂർ മംഗളം എൻജിനീയറിങ് കോളേജിൽ നിന്ന് 2014 ലാണ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണികേഷനിൽ അഥീന എൻജിനീയറിങ് പഠനം പൂർത്തിയാക്കിയത്. പിന്നീട് എം ബി എ യും പാസ്സായി കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ പീഡിയാട്രിക് കോഓർഡിനേറ്റർ ആയി ജോലി ചെയ്തു വരുന്നതിനിടെയായിരുന്നു വിധി ട്യൂമറിന്റെ രൂപത്തിൽ അഥീനയെ കവർന്നെടുക്കുവാൻ ശ്രെമിച്ചത്.
കഴുത്തിനു വേദനയോടെയായിരുന്നു തുടക്കം. അതു കാൻസറാണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും പിൻകഴുത്തിൽ തലയോട്ടിയോടു ചേരുന്ന ഭാഗത്തെ രണ്ട് എല്ലുകൾ പൂർണമായും ദ്രവിച്ചുകഴിഞ്ഞിരുന്നു. ബ്രെയിൻ സ്റ്റെം കാൻസർ എന്ന അത്ര കോമൺ അല്ലാത്ത രോഗമാണ് അഥീനയെ തളർത്തിയത്.
2020 മേയിലാണ് അഥീന ആസ്റ്റർ മെഡിസിറ്റിയിൽ അഡ്മിറ്റാകുന്നത്. 25 ലക്ഷം രൂപയാണ് ആദ്യ സർജറിക്കു ചെലവായത്. സർജറി വിജയിക്കാതെ വന്നതോടെ വീണ്ടും വീണ്ടും നിരവധി സർജറികൾ. അതിലൊന്ന് ദ്രവിച്ചു പോയ എല്ലുകൾക്കു പകരം കൃത്രിമ എല്ലുകൾ വയ്ക്കുന്നതായിരുന്നു. അങ്ങനെ പലപ്പോഴായി പത്തോളം സർജറികൾ.
ഒരുവിധം അസുഖം ഭേദമായി എന്ന തോന്നൽ ഉണ്ടായപ്പോഴാണ് തലച്ചോറിൽ വീണ്ടും വളർച്ച കണ്ടെത്തിയത്. ഇനിയും സർജറി വേണ്ട റേഡിയേഷൻ മതിയെന്നായി ഡോക്ടർമാർ. 30 റേഡിയേഷനുകളാണു പറഞ്ഞത്. പക്ഷേ 3 റേഡിയേഷൻ കഴിഞ്ഞതോടെ അഥീന കഴുത്തിനു താഴേക്കു തളർന്നു.
വിരൽപോലും അനക്കാൻ വയ്യാതായി. പക്ഷേ ഓർമയ്ക്കോ ബുദ്ധിക്കോ തകരാറില്ല. സംസാരിക്കാൻ ശ്രമിക്കുമെങ്കിലും അത്ര വ്യക്തമാകുന്നില്ല. ദിവസവും ഫിസിയോതെറപ്പി നടത്തിയാൽ അഥീന ജീവിതത്തിലേക്കു തിരിച്ചു വരുമെന്നായിരുന്നു ഡോക്ടർമാരുടെ കണക്ക് കൂട്ടൽ. പക്ഷേ ചികിത്സാച്ചെലവ് ഈ കുടുംബത്തിനു താങ്ങാനാവുന്നതിന് അപ്പുറമായിരുന്നു. 40 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് ചികിത്സ നടത്തിയത്.
രോഗത്തോട് പോരാടുന്ന അഥീനയെ നേരിൽ കണ്ട് ആശ്വസിപ്പിച്ച് നടിയും സാമൂഹ്യപ്രവർത്തകയുമായ സീമ ജി. നായർ രംഗത്തെത്തിയതോടെയാണ് അഥീനയുടെ കഥ പുറംലോകമറിഞ്ഞത് . അഥീനയുടെ ആഗ്രഹപ്രകാരമാണ് സീമ കുടുംബത്തെ സന്ദർശിച്ചത്. അഥീന ശരണ്യയെക്കുറിച്ച് ചോദിച്ചെന്നും സുഖമായി ഇരിക്കുന്നുവെന്നാണ് താൻ മറുപടി പറഞ്ഞതെന്നും സീമ പറഞ്ഞു.
അഥീനയുടെ വേർപാട് അറിഞ്ഞ ശേഷം സീമ ജി നായർ ഫേസ്‌ബുക്കിൽ പങ്ക് വെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു
അഥീന വിടരും മുൻപേ കൊഴിഞ്ഞു പോയ എന്റെ പ്രിയപ്പെട്ടവൾ… കുറെ നാളുകൾക്കു മുന്നേ അഥീന മോളുടെ അമ്മ ബിൻസിയുടെ ഫോൺ കാൾ ആണ് എനിക്കു വന്നത്. ശാന്തിവിള ദിനേശേട്ടനെ വിളിച്ചാണ് എന്റെ നമ്പർ എടുത്തത്. ആ വിളി വന്ന ദിവസം എനിക്കോർമയുണ്ട്. ഞാനും ശരണ്യയുടെ നാത്തൂൻ രജിതയും കൂടി ആഴിമല അമ്പലത്തിലെ തിരുമേനിയെ കാണാൻ പോയ ദിവസം ആയിരുന്നു.
ശരണ്യയുടെ ചടങ്ങുകളെ കുറിച്ച് ചോദിക്കാനാണ് പോയത്. അന്ന് അഥീനയുടെ അമ്മ ബിൻസി വിളിച്ചപ്പോൾ ആകെ എന്നോട് പറഞ്ഞത് എന്നെ ഒന്ന് കാണണം എന്നയിരുന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ അവളെ കാണാൻപോയി. അവളുടെ കിടപ്പു കണ്ടപ്പോൾ പെട്ടെന്ന് ശരണ്യയെ എനിക്കോർമ്മ വന്നു.
അവളെ കുറിച്ച് ഞാൻ ഒരു വ്ലോഗും ചെയ്തു “ശരണ്യയെ പോലെ അഥീന” എന്നും പറഞ്ഞു. പിന്നെ അവൾ എന്റെ ആരൊക്കെയോ ആയി മാറുകയായിരുന്നു. നെല്ലിക്കുഴി പീസ് വാലിയിൽ കൊണ്ടുപോയി ഫിസിയോ തെറാപ്പിയിലൂടെ കൈകാലുകളുടെ ചലന ശേഷി വീണ്ടെടുക്കാൻ ശ്രമിച്ചു. ഈ കഴിഞ്ഞ 18 ന് അവളുടെ പിറന്നാൾ ആയിരുന്നു, ചെല്ലാം എന്ന് പറഞ്ഞെങ്കിലും ആ വാക്കുപാലിക്കാൻ എനിക്ക് സാധിച്ചില്ല. ഇന്നലെ എല്ലാ പ്രാർത്ഥനകളും വിഫലമാക്കി ഒരുറക്കത്തിന്റെ രൂപത്തിൽ ഒരിക്കലും ഉണരാത്ത ഉറക്കമായി.
സ്നേഹിച്ചവരെയെല്ലാം വേദനയിലാക്കി അവൾ യാത്രയായി. 18 ന് കാണാൻ വരാം എന്നു പറഞ്ഞ വാക്ക് പാലിക്കാനായി ഞാൻ ഇന്ന് അവളുടെ നാടായ നെടുങ്കണ്ടത്തിനു പോകുന്നു. അവസാനമായി അവളെ ഒരു നോക്കു കാണാൻ. എന്നെ നോക്കി അവൾ നിഷ്കളങ്കമായി ചിരിക്കില്ല എന്നറിയാം, എന്നാലും…
