മമ്മിയെ കാണാൻ കൊതിച്ച് മമ്മി വരുമ്പോൾ കൊണ്ടുവരുന്ന പാവയും കളിപ്പാട്ടങ്ങളും പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ഒരു മകൾ.. വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയക്ക് സംഭവിച്ചത് ഇതാണ്. പാലക്കാട്ട് നിന്നും ഒരു കണ്ണീരിന്റെ കഥ

തിരുവനന്തപുരം: യെമൻ പൗരനെ കൊന്ന കേസിൽ മലയാളിയായ നിമിഷ പ്രിയയുടെ വധശിക്ഷ സനായിലെ അപ്പീൽ കോടതി ശരിവച്ചതോടെ മോചനത്തിനുള്ള സാധ്യത തീർത്തും ഇല്ലാതെയായി. നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ ഇനി പ്രതീക്ഷ ദയാധനമാണ്. തലാലിന്റെ സഹോദരനുമായി ചർച്ച സാധ്യമാകുമെന്നാണ് യമനിലെ മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്.

യെമന്റെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ മാത്രമാണ് നിമിഷയ്ക്ക് മുമ്പിൽ ഇനിയുള്ള ഒരേയൊരു പ്രതീക്ഷ. യെമൻ പ്രസിഡന്റ് അധ്യക്ഷനായ ജുഡീഷ്യൽ കൗൺസിലാണ് കേസ് പരിഗണിക്കുക. എന്നാൽ അതിൽ അപ്പീൽ നടപടിക്രമങ്ങൾ കൃത്യമായിരുന്നോ എന്ന് മാത്രമെ പരിശോധിക്കാൻ സാധ്യതയുള്ളു.

പാലക്കാട് സ്വദേശിനിയാണ് നിമിഷ. 2017 ജൂലൈ 25നാണ് യെമൻ പൗരനായ തലാൽ മഹ്ദിയെ നിമിഷ പ്രിയ കൊന്ന് വാട്ടർടാങ്കിൽ ഒളിപ്പിച്ചത്. ഈ കേസിൽ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. യമൻ പൗരനിൽ നിന്നും പീഡനം സഹിക്കവയ്യാതെപ്രാണരക്ഷാർത്ഥമാണ് നിമിഷപ്രിയ കൊലനടത്തിയതെന്നാണ് പറയപ്പെടുന്നത്.

നിമിഷപ്രിയയുടെ ഭർത്താവ് ഒരു മാധ്യമവുമായി പങ്ക് വെച്ച കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തൊടുപുഴ സ്വദേശിയാണ് നിമിഷപ്രിയയുടെ ഭർത്താവ്. ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്യുന്ന കാലത്താണ് നിമിഷയുടെ വിവാഹാലോചന വന്നത്.

പാലക്കാട് കൊല്ലങ്കോഡ് സ്വദേശിയായ നിമിഷപ്രിയ യെമനിൽ നഴ്സായിരുന്നു. നല്ല സ്വഭാവവും ദൈവഭയവുമുള്ള പെൺകുട്ടിയായിരുന്നു നിമിഷപ്രിയയെന്ന് ഭർത്താവ് പറയുന്നു. കല്യാണം കഴിഞ്ഞ് ഭർത്താവും അവൾക്കൊപ്പം യെമനിലേക്കു പോയി. യെമനിൽ വച്ചാണ് മകള്‍ മിഷേലിന്റെ ജനനം. മോളെ നോക്കാൻ വേണ്ടി ഭർത്താവ് ജോലി വേണ്ടെന്ന് വച്ചു. ഗവൺമെന്റ് ഹോസ്പിറ്റലിൽ ശമ്പളം കുറവായതുകൊണ്ട് ഒരു ക്ലിനിക്കിലായിരുന്നു നിമിഷ ജോലി ചെയ്തിരുന്നത്. എന്നാലും ചെലവു കഴിഞ്ഞ് കാര്യമായ സമ്പാദ്യം ഒന്നുമുണ്ടായില്ല. ആ സമയത്താണ് നാട്ടിലേക്ക് മടങ്ങാൻ അവസരം വരുന്നത്.

നിമിഷയ്ക്ക് വർക് എക്സ്പീരിയൻസ് ആയ ശേഷം ഒരുമിച്ചു വേറെയേതെങ്കിലും രാജ്യത്തു ജോലി നോക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. 2014 ഏപ്രിലിൽ ഭർത്താവ് ഒന്നേകാൽ വയസ്സുള്ള മകളുമായി ഭർത്താവ് നാട്ടിൽ തിരിച്ചെത്തി.

യമനിൽ ഒരു ക്ലിനിക്ക് തുടങ്ങിയാൽ നല്ലതായിരിക്കും എന്നൊരു അഭിപ്രായം നിമിഷയ്ക്കുണ്ടായി. ക്ലിനിക്ക് തുടങ്ങണമെങ്കിൽ അവിടുത്തെ ഒരാളുടെ ലൈസൻസ് വേണം. ഒരുമാസം കഴിഞ്ഞപ്പോൾ ഒരാളെ കിട്ടിയിട്ടുണ്ടെന്ന് നിമിഷ ഭർത്താവിനോട് വിളിച്ചു പറഞ്ഞു. തലാൽ അബ്ദുൾ മഹ്ദി എന്നായിരുന്നു അയാളുടെ പേര്. നിമിഷ ജോലി ചെയ്തിരുന്ന ക്ലിനിക്കിലായിരുന്നു അയാളുടെ കുടുംബം ചികിത്സയ്ക്കെത്തിയിരുന്നത്. ആ സമയത്ത് തലാലിന്റെ ഭാര്യ ഗർഭിണിയായി ചികിത്സയ്ക്കു നിരന്തരമായി വരുന്നുമുണ്ടായിരുന്നു. അന്വേഷിച്ചപ്പോൾ നല്ല വ്യക്തിയാണെന്നാണ് ഇവർക്ക് കിട്ടിയ റിപ്പോർട്ട്.

ലൈസൻസ് എടുത്തു തരാമോ എന്നു തലാലിനോടു ചോദിച്ചപ്പോൾ ‘അതിനെന്താ ഞാൻ സഹായിക്കാം, നിങ്ങൾ നന്നായി കണ്ടാൽ മതി’ എന്നയാൾ മറുപടി പറഞ്ഞു. ക്ലിനിക്ക് തുടങ്ങാനായി കാര്യങ്ങളെല്ലാം ഏർപ്പാടാക്കിയശേഷം നിമിഷ നാട്ടിലേക്കു വരാനായി ടിക്കറ്റെടുത്തു. അതറിഞ്ഞപ്പോൾ തലാൽ പറഞ്ഞു ‘എനിക്ക് കേരളം കാണണമെന്നു നല്ല ആഗ്രഹമുണ്ട്. എന്നെയും കൊണ്ടുപോകാമോ?’ ‘ഇല്ല’എന്നു പറയാൻ പറ്റിയ സാഹചര്യമല്ലല്ലോ. അതു പറഞ്ഞാൽ ക്ലിനിക് തുടങ്ങാനുള്ള സഹായം കിട്ടിയില്ലെങ്കിലോ എന്നു കരുതി നിമിഷവും ഭർത്താവും സമ്മതിച്ചു.

ജനുവരിയിലാണ് അവർ കേരളത്തിൽ വന്നു. തലാലിനെ ഒരു ലോഡ്ജിലായിരുന്നു താമസിപ്പിച്ചിരുന്നത്. അയാളുടെ ആവശ്യപ്രകാരം കേരളം മുഴുവൻ കാണിച്ചു. യാത്രാച്ചെലവ്, ഭക്ഷണം, മുറി വാടക എല്ലാം കൂടി രണ്ടുലക്ഷം രൂപ ചെലവു വന്നിട്ടുണ്ട്.

‘അൽ അമൽ മെഡിക്കൽ ക്ലിനിക്ക്’ എന്നായിരുന്നു ക്ലിനിക്കിനു പേരിട്ടത്. ഭർത്താവും കുഞ്ഞും മാർച്ചിൽ അവിടേക്ക് ചെന്ന് ഏപ്രിലിൽ ക്ലിനിക്ക് തുടങ്ങണം എന്നായിരുന്നു തീരുമാനം. പക്ഷേ, മാർച്ച് അവസാനമായപ്പോൾ യെമനിൽ യുദ്ധം തുടങ്ങി. അങ്ങനെ ഭർത്താവിന്റെയും കുഞ്ഞിന്റെയും പോക്ക് അനിശ്ചിതത്വത്തിലായി. അവിടെനിന്നാണ് നിമിഷയുടെ ജീവിതം താറുമാറാകുന്നത്.

ക്ലിനിക്ക് തുടങ്ങിയശേഷം ഗവൺമെന്റിന്റെ ഇൻസ്പെക്‌ഷൻ ഉണ്ടാകുമെന്നതുകൊണ്ട് ആറുമാസം തലാലിനെ ശമ്പളത്തോടു കൂടി അവിടെ നിയമിച്ചിരുന്നു. ഇതിനിടെ, മുൻപു ജോലി ചെയ്തിരുന്ന ക്ലിനിക്കിന്റെ ഉടമ നിമിഷയ്ക്കെതിരെ പ്രശ്നമുണ്ടാക്കി. ഇവൾ പോന്നാൽ അവിടെ രോഗികൾ കുറയുമെന്നു പറഞ്ഞു.

പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി 33 ശതമാനം അയാൾക്കും ബാക്കി നിമിഷയുടെയും ഭർത്താവിന്റെയും പേരിലുമായി എഗ്രിമെന്റ് എഴുതാൻ തീരുമാനിച്ചു. തലാലിനെയാണ് അതിനു നിയോഗിച്ചത്. പക്ഷേ, 67 ശതമാനം അയാൾ അയാളുടെ പേരിലെഴുതി. സംസാരിക്കാൻ അറിയാമെങ്കിലും അറബി വായിക്കാൻ നിമിഷയ്ക്ക് അറിയാമായിരുന്നില്ല. അതുപോലെ, ക്ലിനിക്കിന്റെ ആവശ്യത്തിലേക്കായി വാങ്ങിയ കാറും അയാളുടെ പേരിൽ റജിസ്റ്റർ ചെയ്തെടുത്തു. വളരെ വൈകിയാണ് നിമിഷ ഇതെല്ലാം അറിയുന്നത്. അയാളോട് ചോദിക്കാമെന്നു നിമിഷ പറഞ്ഞെങ്കിലും, പ്രശ്നങ്ങൾ വേണ്ട എന്നു കരുതി ഭർത്താവ് അത് തടഞ്ഞു.

ക്ലിനിക്കിലേക്കാവശ്യമായ മരുന്നുകൾ വാങ്ങാൻ കൊടുക്കുന്ന പണവും അയാൾ ചെലവാക്കി തുടങ്ങി. അത് ചോദ്യം ചെയ്തതോടെ ക്ലിനിക്കിന്റെ വരുമാനത്തിൽ നിന്നു വലിയൊരു തുക എടുക്കാൻ തുടങ്ങി.

എതിർത്തിട്ടും കാര്യമില്ലാതായപ്പോൾ, ഇനി പണം തലാലിനു കൊടുക്കരുതെന്നു ഓഫിസ് സ്റ്റാഫിനു നിർദേശം കൊടുത്തു. അപ്പോഴാണവർ പറയുന്നത്. ‘നിന്റെ ഭർത്താവല്ലേ അത്. അയാൾ പണമെടുത്താൽ എന്താ കുഴപ്പം!’ നിമിഷ ശരിക്കും പകച്ചു പോയി. അവരൊരുമിച്ചു നിൽക്കുന്ന പല ഫോട്ടോകളും തലാൽ അവരെ കാണിച്ചിരുന്നു.

കേരളത്തിൽ വന്ന സമയത്ത് സ്ഥലങ്ങൾ കാണാൻ പോകുമ്പോൾ തലാൽ നിമിഷയെയും ഒപ്പം നിര്‍ത്തി പടങ്ങളെടുത്തിരുന്നു. അതിൽ സംശയം തോന്നേണ്ട കാര്യമില്ലല്ലോ എന്നോർത്ത് ഭർത്താവാണ് പടങ്ങൾ എടുത്തു കൊടുത്തിരുന്നതും. പിന്നീടൊരിക്കൽ തലാൽ കത്തിയെടുത്ത് നിമിഷയുടെ കയ്യിൽ കുത്തി മുറിവേൽപിച്ചു.

നിമിഷ കേസു കൊടുത്തതിന്റെ പേരിൽ തലാലിനെ നിരവധി പ്രാവശ്യം ജയിലിലടച്ചു. പക്ഷേ, കോടതിയിലെത്തിയപ്പോൾ കഥയാകെ മാറി. തലാൽ ഞങ്ങളുടെ വിവാഹ ആൽബത്തിൽ നിന്ന് ഫോട്ടോയെടുത്ത് കൊണ്ടുപോയിരുന്നു. അത് എഡിറ്റ് ചെയ്ത് നിമിഷയുടെയും തലാലിന്റെയും വിവാഹ ഫോട്ടോയാക്കി മാറ്റിയെടുത്തു. ഇന്ത്യയിൽ വച്ചു വിവാഹിതരായി എന്ന് അറബി ഭാഷയിലുള്ള വ്യാജസർട്ടിഫിക്കറ്റാണ് അയാൾ ഹാജരാക്കിയത്. അതിൽ അവൾ യെമൻകാരിയാണെന്നാണ് എഴുതിയിരുന്നത്. നിമിഷ അതെല്ലാം നിഷേധിച്ചെങ്കിലും കോടതിയിൽ അതൊന്നും വിലപ്പോയില്ല. നിയമം അവിടുത്തെ പൗരനു അനുകൂലമായിരുന്നു. നാട്ടിലേക്ക് കയറിപ്പോകാതിരിക്കാൻ അവളുടെ പാസ്പോർട്ടും തലാൽ ഇതിനോടകം കൈക്കലാക്കി.

നിമിഷ ഭർത്താവിനെ വിളിക്കുന്നതൊക്കെ കുറഞ്ഞു തുടങ്ങി. വിളിച്ചാൽ തന്നെ വലിയ സംസാരങ്ങളൊന്നുമില്ല, പൈസയും അയച്ചു തരുന്നില്ല. ഭർത്താവ് അവിടേക്ക് ഫോൺ വിളിക്കുമ്പോൾ തലാലാണ് എടുക്കുന്നത്. ഫോൺ ചെയ്യുന്നതു കണ്ടാൽ ക്രൂരമായി ഉപദ്രവിച്ചു ഫോണും സിമ്മും എല്ലാം അവൻ നശിപ്പിക്കും. വേറെ പല നമ്പറുകളിൽ നിന്ന് അവളെന്നെ വിളിക്കാൻ തുടങ്ങി.

നിർബന്ധിച്ചപ്പോഴാണ് സംഭവങ്ങൾ നിമിഷ വീട്ടിൽ പറഞ്ഞു തുടങ്ങുന്നത്. ചതിയിൽപ്പെട്ടു പോയെന്നു അവൾ പറഞ്ഞു കരഞ്ഞു. തനിയെ പ്രശ്നങ്ങൾ തീർപ്പാക്കാനായിരുന്നു നിമിഷ ശ്രമിച്ചുകൊണ്ടിരുന്നത്. അങ്ങനെയാണ് ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന ഹാനാൻ എന്ന യെമൻകാരി നഴ്സിനു സത്യാവസ്ഥ മനസ്സിലായി.

ഒരിക്കൽ ഭർത്താവെന്ന നിലയിലുള്ള ആവശ്യങ്ങൾ നിമിഷപ്രിയ നടത്തികൊടുക്കുന്നില്ലെന്നു തലാൽ കേസു കൊടുത്തു. കോടതി അപ്പോഴും അനുകൂലമായി വിധിച്ചു. ഉടനെ, നിമിഷ വിവാഹമോചനത്തിനു കേസ് കൊടുത്തു. പക്ഷേ, ആ പെറ്റീഷനിൽ തലാൽ ഒപ്പിട്ടു കൊടുത്തില്ല. പാസ്പോർട്ട് തിരികെ കിട്ടാൻ എംബസിയെ സമീപിച്ചിട്ടും ഫലമുണ്ടായില്ല.

തലാൽ ജയിലിൽ കിടക്കുന്ന സമയത്തെല്ലാം അവിടെ പോയി പാസ്പോർട്ട് തിരികെ തരാൻ കരഞ്ഞു പറയാറുണ്ടായിരുന്നു നിമിഷ. ഇതുകണ്ട് അവിടത്തെ ജയിൽ വാർഡനു നിമിഷയുടെ അവസ്ഥ മനസ്സിലായി. ഇങ്ങനെ പോയാൽ തലാൽ നിന്നെ കൊല്ലുമെന്നു അയാളുറപ്പിച്ചു പറഞ്ഞു.

‘ഇനി ജയിലിൽ നിന്നിറങ്ങുമ്പോൾ എങ്ങനെയെങ്കിലും അനസ്തേഷ്യ കൊടുത്ത് മയക്കികിടത്തൂ. ഞാൻ വന്നു അവനെ എടുത്തുകൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹമോചന രേഖയിൽ ഒപ്പിടീക്കാം. പാസ്പോർട്ടും തിരികെ വാങ്ങാം.’ ജയിൽ വാർഡൻ പറഞ്ഞു. ഹാനാനും പ്രോത്സാഹിപ്പിച്ചു.

ജയിലിൽ നിന്നു തിരികെയെത്തിയ തലാൽ, യൂറിനറി ഇൻഫക്‌ഷനു മരുന്നു വേണമെന്ന് ആവശ്യപ്പെട്ടു. ആ സമയം മയങ്ങാനുള്ള മരുന്ന് കുത്തി വച്ചു. ലഹരി ഉപയോഗിക്കുന്ന ആളായതു കൊണ്ടാകണം മയക്കം വന്നില്ല. രണ്ടാമതും മരുന്ന് നൽകിയപ്പോൾ പാർശ്വഫലം മൂലം അയാൾ മരിച്ചു. ഭയന്നു പോയ നിമിഷ ഉറക്കഗുളികകൾ എടുത്തു കഴിച്ചു. മൃതദേഹം തനിച്ചു മാറ്റാൻ കഴിയാതിരുന്ന ഹാനാൻ കണ്ടെത്തിയ മാർഗമായിരുന്നു കഷണങ്ങളാക്കി ചാക്കിലാക്കുക എന്നത്. അത് അവൾ വാട്ടർ ടാങ്കിൽ ഇട്ടു. ഹാനാന്റെ സഹായത്തോടെയാണ് നിമിഷ അവിടെ നിന്നു രക്ഷപ്പെട്ടത്. ഒരു മാസത്തിനു ശേഷം നിമിഷ പൊലീസ് പിടിയാലായി. അഞ്ചര വർഷം കഴിഞ്ഞ് വിധി വന്നപ്പോൾ നിമിഷയ്ക്ക് വധശിക്ഷ, ഹാനാന് ജീവപര്യന്തം. മറ്റൊരു പ്രതിയായ ജയിൽവാർഡനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ജയിലിലും നഴ്സായി നിമിഷ ജോലി ചെയ്യുന്നുണ്ട്. ജയിലിലെ സേവനം മാനിച്ച് സർക്കാർ ഇടപെട്ടാണ് ഫോൺ ഉപയോഗിക്കാൻ അനുമതി കിട്ടിയത്. ഇതോടെ തന്റെ പ്രശ്നങ്ങൾ നിമിഷപ്രിയ കേരളത്തിലുള്ള ഒരു ഓൺലൈൻ മാധ്യമത്തിലേക്ക് വിളിച്ചറിയിച്ചു. അങ്ങനെയാണ് സംഭവം പുറത്തറിയുന്നത്.

ചോരപ്പണം 70 ലക്ഷം കൊടുത്താൽ മോചനം സാധ്യമാകുമെന്നാണ് ഒടുവിൽ കിട്ടിയ വിവരം. പക്ഷേ, പണം റെഡിയാകാതെ എഗ്രിമെന്റ് വച്ചാലും കാര്യമില്ലെന്നാണ് നിമിഷയുടെ വക്കീൽ അറിയിച്ചത്. പല സംഘടനകളും രാഷ്ട്രീയക്കാരും എൻആർഐ കമ്മീഷനുമൊക്കെ കേസിൽ സജീവമായി ഇ ടപെടുന്നുണ്ട്. വിധിക്കെതിരെ അപ്പീൽ കൊടുത്ത് വധശിക്ഷയ്ക്ക് സ്റ്റേ വാങ്ങിയിട്ടുണ്ട്. ശിക്ഷ കുറച്ചതിനു ശേഷം ചോരപ്പണം കൊടുത്ത് കേസവസാനിപ്പിക്കുന്നതിനാണ് ഇപ്പോൾ ശ്രമം.

എന്റെ കയ്യിൽ ഒറ്റ പൈസയില്ല. ബന്ധു വാങ്ങി തന്ന ഓട്ടോ ഓടിച്ചാണ് കുടുംബം നടത്തുന്നത്. 30 ലക്ഷം കടമുണ്ട്. എന്നെ കൊന്നാൽ പോലും പൈസ കിട്ടില്ല എന്നറിയാവുന്നതു കൊണ്ടാണ് കടക്കാർ അതിനു മുതിരാത്തത്. എന്റെ ഭാര്യയുടെ ജീവൻ തിരികെ നൽകുന്ന കരുണയുടെ കരം ദൈവം മുന്നിലെത്തിച്ചു തരുമെന്നാണ് പ്രതീക്ഷ.

‘മമ്മി വരുമ്പോൾ എനിക്ക് പാവയും ചായപ്പെൻസിലുകളും കൊണ്ടുവരണേ. എനിക്ക് മമ്മിയെ കാണാൻ കൊതിയാവുന്നു. ഇനിയും പറ്റിക്കല്ലേ…’എന്നെല്ലാം ഫോണിൽ ഞാൻ കാണാതെ മകൾ മെസേജയക്കും. ഒന്നേ, ആഗ്രഹമുള്ളൂ, ഞങ്ങൾക്ക് നിമിഷയെ തിരിച്ചു വേണം..

നിമിഷപ്രിയയുടെ മകളുടെ ഈ വാക്കുകൾ കേട്ട് ആശ്വസിപ്പിക്കാനോ, മറുപടി നല്കുവാനോ സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ നിമിഷപ്രിയയുടെ ഭർത്താവ്. അമ്മ കളിപ്പാട്ടങ്ങളുമായി മടങ്ങി വരുമെന്ന പ്രതീക്ഷയോടെ ബാല്യതയുടെ നിഷ്കളങ്കതയിൽ മകളും കാത്തിരിക്കുന്നു. ഒരു വിദേശപുരുഷന്റെ വഞ്ചനയ്ക്ക് ബലിയാടായി പ്രാണരക്ഷാർത്ഥം ഒരു നിമിഷത്തെ കൈപ്പിഴയിൽ സംഭവിച്ച കൊലയിൽ നിയമത്തിന്റെ പരിരക്ഷകളൊന്നും ഈ കുടുംബത്തിന് ലഭിച്ചില്ല എന്നതാണ് വാസ്തവം.

Exit mobile version