ശാന്തൻപാറ: വയനാട് പുൽപ്പള്ളി എംഎസ്‌പി ക്യാമ്പ് ആക്രമണത്തിൽ നക്‌സലൈറ്റ് നേതാക്കളായിരുന്ന കെ അജിതയ്‌ക്കും വർഗീസിനും ഒപ്പം പങ്കെടുത്ത അള്ളുങ്കൽ ശ്രീധരൻ (എൻ എ തങ്കപ്പൻ–- 80) അന്തരിച്ചു. നക്‌സൽബാരി പ്രസ്ഥാനത്തിൽ സജീവ പ്രവർത്തനയായിരുന്ന അള്ളുങ്കൽ ശ്രീധരൻ 40 വർഷമായി ഒളിവിൽ കഴിയുകയായിരുന്നു. മരണശേഷമാണ് അടുപ്പമുള്ളവർപോലും പഴയ വിപ്ലവകാരിയെ തിരിച്ചറിയുന്നത്. മരണശേഷം മാത്രമേ താൻ നക്‌സലൈറ്റായ അള്ളുങ്കൽ ശ്രീധരനാണെന്ന് പുറത്തറിയാവൂ എന്ന് അടുത്ത രണ്ട് സുഹൃത്തുക്കളോട് മാത്രം ശ്രീധരൻ പറഞ്ഞേൽപ്പിച്ചിരുന്നു.
കെ അജിതയ്‌ക്കും വർഗസീസിനുമൊപ്പം പ്രവർത്തിച്ചിരുന്ന തങ്കപ്പൻ നിരവധി കേസുകളിൽ പ്രതിയായതോടെ നെടുങ്കണ്ടത്തിനടുത്ത് മാവടിയിലേക്ക് മാറുകയായിരുന്നു. 40 വർഷത്തോളമായി അവിടെ എൻഎ തങ്കപ്പൻ എന്നപേരിൽ ഒളിവിൽ കഴിയുകയായിരുന്നു. ആദ്യകാലങ്ങളിൽ കൂലിപ്പണിയെടുത്തും ശേഷം സ്വന്തം സ്ഥലത്ത് ഏലം കൃഷി ചെയ്തുമാണ് ജീവിച്ചിരുന്നത്.
സിപിഐ എം ലോക്കൽ സെക്രട്ടറി ജിജി വർഗീസ് ശ്രീധരന്റെ വിയോഗം കെ അജിതയെ അറിയിക്കുകയായിരുന്നു. തുടർന്ന് മൊബൈലിൽ അജിത അനുശോചന സന്ദേശമയച്ചു. ശബ്ദസന്ദേശവും സംസ്‌കാര ചടങ്ങിൽ കേൾപ്പിച്ചതോടെയാണ് അള്ളുങ്കൽ ശ്രീധരനെന്ന മുൻ നക്‌സൽ നേതാവിനെ നാട്ടുകാർ തിരിച്ചറിയുന്നത്.
‘‘അള്ളുങ്കൽ ശ്രീധരൻ 1968 നവംബർ 24 പുലർച്ചെ വയനാട് പുൽപ്പള്ളി സീതാദേവീ ക്ഷേത്രത്തിൽ പ്രവർത്തിച്ചിരുന്ന എംഎസ്‌പി ക്യാമ്പ് ആക്രമിച്ച ഒരുസംഘം കർഷക വിപ്ലവകാരികളോടൊപ്പം ധീരമായി പങ്കെടുത്ത ഒരു സഖാവായിരുന്നു. എന്റെ ജയിൽവാസം കഴിഞ്ഞ് വീണ്ടും പ്രവർത്തനപഥത്തിൽ വന്നശേഷം ഒളിവിൽ കഴിഞ്ഞിരുന്ന അള്ളുങ്കൽ ശ്രീധരനെക്കുറിച്ച് ഞാൻ ഒന്നും കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളോടൊപ്പം ഞാനും ദുഃഖത്തിൽ പങ്കെടുക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ’’ എന്നതായിരുന്നു അജിതയുടെ സന്ദേശം.
പാറത്തോട്ടിലെ ആദ്യകാല സിപിഐ എം പ്രവർത്തകനുമായിരുന്നു. വളരെ ശാന്തശീലനായിരുന്നു തങ്കപ്പനെന്ന് നാട്ടുകാർ പറയുന്നു. സിപിഐ എം ലോക്കൽ കമ്മറ്റിയംഗമായി ഏതാനും വർഷം മുമ്പുവരെ തങ്കപ്പൻ പ്രവർത്തിച്ചിരുന്നു. അള്ളുങ്കൽ ശ്രീധരന്റെ മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി എൻ മോഹനൻ, ഏരിയ സെക്രട്ടറി എൻ പി സുനിൽകുമാർ, ലോക്കൽ സെക്രട്ടറി ജിജി വർഗീസ് എന്നിവർ ചേർന്ന് പാർടി പതാക പുതപ്പിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. സുമതിയാണ് ഭാര്യ. മക്കൾ: അഭിലാഷ്, അനിത.
മരണാനന്തരം ശ്രീധരൻ വെളിപ്പെടുത്തി: ആ സഖാവ് ഞാനായിരുന്നു…
നെടുങ്കണ്ടം ∙ മാവടി നിരപ്പേൽ എൻ.എ.തങ്കപ്പൻ നാട്ടുകാർക്ക് എന്നും സഖാവായിരുന്നു. പക്ഷേ, തങ്ങൾ 40 വർഷത്തോളമായി കണ്ടുവരുന്ന സൗമ്യനായ ആ സഖാവ്, സമരതീക്ഷ്ണമായ കനൽപാതകൾ കടന്നുവന്നൊരു വിപ്ലവകാരിയായിരുന്നുവെന്ന് അവരറിഞ്ഞത് ഇന്നലെ മാത്രം.
കേരളത്തിലെ ആദ്യത്തെ നക്സൽ മുന്നേറ്റങ്ങളിലൊന്നായിരുന്നു 1968 നവംബറിലെ വയനാട് പുൽപള്ളി പൊലീസ് ക്യാംപ് ആക്രമണം. തലശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്നും പുൽപള്ളി പൊലീസ് ക്യാംപിൽ നിന്നും ആയുധങ്ങൾ ശേഖരിച്ച് തിരുനെല്ലിയിൽ താവളമൊരുക്കി വയനാട് കീഴടക്കാനായിരുന്നു പദ്ധതി. ആക്രമണം തുടങ്ങിയെങ്കിലും പരാജയപ്പെട്ടു. കാട്ടിൽ കുടുങ്ങിയ അജിതയും അള്ളുങ്കൽ ്രശീധരനുമടക്കമുള്ളവർ പിടിയിലായി. ആകെ 149 പേരായിരുന്നു പ്രതികൾ. അജിതയടക്കം പലരും ജയിൽ ശിക്ഷ അനുഭവിച്ചു. വർഗീസ് രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടിയിലായി പൊലീസിന്റെ വെടിയേറ്റു മരിച്ചു.
പൊലീസ് മർദനവും ജയിൽശിക്ഷയും അനുഭവിച്ചാണ് അള്ളുങ്കൽ ശ്രീധരൻ പുറത്തുവന്നത്. പിന്നാലെ മറ്റൊരു കേസിൽക്കൂടി ശിക്ഷാവിധിയെത്തി. അതിനെതിരെ തലശ്ശേരി കോടതിയിൽ നൽകിയ അപ്പീൽ തള്ളിയതോടെ ഒളിവിൽപോയ, ശ്രീധരനടക്കമുള്ള നക്സലൈറ്റുകൾക്കായി പൊലീസ് കേരളത്തിലുടനീളം തിരച്ചിൽ നടത്തിയിരുന്നു. പലരും പിടിയിലാവുകയും ചെയ്തു.
