കൊല്ലം: 1996 ലെ വിവാദ ഏഴുകോണ്‍ ലോക്കപ്പ് മര്‍ദനകേകസില്‍ പ്രതികളായ മുന്‍ പൊലീസുദ്യോഗസ്ഥര്‍ കോടതിയില്‍ കീഴടങ്ങി. ക്രൈം ബ്രാഞ്ച് എസ്പി മാരായി വിരമിച്ച അന്നത്തെ എസ്‌ഐ ഡി രാജഗോപാല്‍, എസ്‌ഐമാരായി വിരമിച്ച അന്നത്തെ കോണ്‍സ്റ്റബിള്‍മാരായ മണിരാജായ, ഷറഫുദീന്‍ എന്നിവരാണ് ശനിയാഴ്ച കൊട്ടരക്കര ഒന്നാം ക്ലാസ് കോടതി രണ്ടില്‍ കീഴടങ്ങിയത്.
ഇവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. കേസിലെ മറ്റ് രണ്ട് പ്രതികളായ ടികെ പൊടിയന്‍, ബേബി എന്നിവര്‍ വിചാരണക്കാലയളവിനിടെ മരിച്ചിരുന്നു. കേസില്‍ ഒരു വര്‍ഷം തടവും 2500 രൂപ പിഴയും പരാതിക്കാരന് 10000 രൂപ നഷ്ടപരിഹാരവുമായിരുന്നു വിചാരണ കോടതി വിധിച്ചത്. ഈ വിധിക്കെതിരെ പ്രതികള്‍ സെഷന്‍സ് കോടതിയെയും പിന്നീട് സമീപിച്ചെങ്കിലും വിധി ശരിവെക്കുകയായിരുന്നു. പിന്നാലെ സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി സമര്‍പ്പിച്ചെങ്കിലും ഇത് തള്ളി.
നാല് ആഴ്ചക്കുള്ളില്‍ കീഴടങ്ങണം എന്ന് വിധിക്കുകയും ചെയ്തു. 1996 ല്‍ കള്ളക്കേസില്‍ പ്രതിയാക്കപ്പെട്ട് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന ഏഴുകോണ്‍ സ്വദേശി അയ്യപ്പന്റെ നിയമപോരാട്ടമാണ് വര്‍ഷങ്ങള്‍ക്കൊടുവില്‍ പ്രതികളെ തടവറയിലെത്തിച്ചത്. ഒരു പരാതി ലഭിച്ചിട്ടുണ്ടെന്നും വിവരങ്ങള്‍ അറിയാനുണ്ടെന്നും പറഞ്ഞാണ് അയ്യപ്പനെ അന്ന് പൊലീസ് വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ട് പോയത്.
ലോക്കപ്പിലിട്ട് പൊലീസുകാര്‍ അയ്യപ്പനെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദനമേറ്റ് ബോധം മറഞ്ഞ അയ്യപ്പനെ നാവില്‍ സിഗറ്റ് കുറ്റി വെച്ച് ഒന്നിലേറെ തവണ പൊള്ളിക്കുകയും ചെയ്തു. പിറ്റേന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ വെച്ച് തനിക്ക് മര്‍ദനമേറ്റെന്ന് അയ്യപ്പന്‍ പറഞ്ഞു. അടിയന്തര വൈദ്യസഹായം നല്‍കാന്‍ നിര്‍ദ്ദേശിച്ച കോടതി അയ്യപ്പന് ജാമ്യം അനുവദിച്ചു.
പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് നിത്യരോഗിയായ അയ്യപ്പന്‍ കടക്കെണിയാലായി. മാസങ്ങളോളം ആശുപത്രി വാസം കഴിഞ്ഞെത്തിയ അയ്യപ്പന്‍ മര്‍ദ്ദിച്ച പൊലീകാര്‍ക്കെതിരെ പരാതി നല്‍കി. കേസ് പിന്‍വലിക്കാന്‍ നിരന്തര സമ്മര്‍ദം ഉണ്ടായിട്ടും അയ്യപ്പനും ഭാര്യ ഓമനയും ഇതിന് തയ്യാറായില്ല. 26 വര്‍ഷമെടുത്തെങ്കിലും നീതി ലഭിച്ചെന്ന ആശ്വാസത്തിലും സന്തോഷത്തിലുമാണ് അയ്യപ്പനും ഭാര്യ ഓമനയും.
