മലയാള ചലച്ചിത്രത്തിലെ ഹാസ്യനടനായി കയ്യടി നേടിയ മാങ്ങാനം വാണക്കുറ്റി; പഴയകാല സിനിമ നടന്മാർക്കൊപ്പം വേദി പങ്കിട്ട് മാങ്ങാനം എന്ന കൊച്ചു ഗ്രാമത്തെ പ്രസിദ്ധമാക്കിയ ഹാസ്യനടനാണ് “വാണക്കുറ്റി” – വീഡിയോ

മാങ്ങാനം: പഴയകാല സിനിമ നടന്മാർക്കൊപ്പം വേദി പങ്കിട്ട് മാങ്ങാനം എന്ന കൊച്ചു ഗ്രാമത്തെ പ്രസിദ്ധമാക്കിയ ഹാസ്യനടനാണ് വാണക്കുറ്റി. വാണക്കുറ്റി എന്ന എന്ന തൂലികാനാമധാരിയെക്കുറിച്ചറിവുള്ളവര്‍ പുതുതലമുറയില്‍, താരതമ്യേന കുറവായിരിക്കും. പി കെ രാമൻ പിള്ള എന്നാണ്‌ വാണക്കുറ്റിയുടെ യഥാര്‍ത്ഥ പേര്.

കോട്ടയം മാങ്ങാനം സ്‌കൂൾ ജങ്ഷന് സമീപം നരസിംഹസ്വാമിക്ഷേത്രത്തിനു തൊട്ടടുത്തായാണ് വാണക്കുറ്റി ജനിച്ചത് . അച്ഛന്‍: കോട്ടയം പെരുന്തുരുത്തി പാറയില്‍ നീലകണ്ഠപ്പിള്ള. അമ്മ: കോട്ടയം മാങ്ങാനം പുല്ലാപ്പള്ളിൽ പാപ്പിയമ്മ.

ഹാസ്യ സാഹിത്യകാരന്‍, സിനിമാ ഹാസ്യനടന്‍, സിനിമാഗാന രചയിതാവ്, സിനിമാനിരൂപകന്‍, ഗാനവിമര്‍ശകന്‍, ഹാസ്യപ്രഭാഷകന്‍, പാരഡി ഗാന രചയിതാവ്,കഥാപ്രസംഗകന്‍, നാടകകൃത്ത്, നാടക അഭിനേതാവ്, ഗ്രന്ഥകര്‍ത്താവ്, ബാലസാഹിത്യകാരൻ, പത്രാധിപര്‍..തുടങ്ങി വാണക്കുറ്റി അണിഞ്ഞ വേഷങ്ങള്‍ നിരവധി.

വാണക്കുറ്റി രാമൻ പിള്ള

കൈവച്ച മേഖലകളിലൊക്കെ തന്റെ മുഖമുദ്രയായിരുന്ന ഹാസ്യത്തിന്റെ ഒരാവരണം നല്കുവാന്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ഹാസ്യനടനായി കാണികളുടെ കൈയ്യടി നേടുകയും ചെയ്തിട്ടുണ്ട്.പില്‍ക്കാലത്ത് സിനിമയില്‍ ശ്രദ്ധേയരായ സത്യൻ, എസ്.പി.പിള്ള, തിലകന്‍, ജോസ് പ്രകാശ്, മാള, അച്ചന്‍കുഞ്ഞ്, അടൂര്‍ ഭവാനി,പങ്കജവല്ലി, മാവേലിക്കര പൊന്നമ്മ തുടങ്ങിയ ഒരു പറ്റം നടീ – നടന്മാര്‍ക്കൊപ്പം വാണക്കുറ്റി വേദി പങ്കിട്ടു.

തന്റെ മെലിഞ്ഞ രൂപത്തെ പരിഹസിച്ച്, ആകൃതിക്കും ശരീരവടിവിനുമൊത്ത “വാണക്കുറ്റി” എന്ന തൂലികാനാമം,ചെറുപ്പത്തിൽത്തന്നെ സ്വീകരിച്ച അദ്ദേഹം അധികം വൈകാതെ അതൊന്നു പരിഷ്കരിച്ചു. മഹാകവി വാണക്കുറ്റിയായി.

അക്കാലത്ത് ഒട്ടും പ്രതിഭയില്ലാത്ത ചിലരെ കവിയെന്നും മഹാകവിയെന്നും പറഞ്ഞവരോധിക്കുന്നതില്‍ പ്രതിഷേധിച്ചുമാണ് 1940 കളിൽ പരിഹാസരൂപേണ,വാണക്കുറ്റി തന്റെ തൂലികാനാമം പരിഷ്കരിച്ച്, “മഹാകവി വാണക്കുറ്റി”യെന്നാക്കുന്നത്.

സിനിമാനടനായ ആദ്യ പത്രപ്രവർത്തകനാണ് മാങ്ങാനം വാണക്കുറ്റി. മലയാളം ഹയറും വിദ്വാനും പാസ്സായതിനു ശേഷം “പൗരപ്രഭ”യിലും തുടർന്ന് “മലയാള മനോരമ”യിലും പ്രൂഫ് റീഡറായാണ് അദ്ദേഹം ഔദ്യോഗികജീവിതം ആരംഭിക്കുന്നത്.

1950 ല്‍ “ജീവിതനൗക”യിലെ ഹാസ്യ സംഭാഷണങ്ങളെഴുതിക്കൊണ്ടാണ് വാണക്കുറ്റി ഈ രംഗത്തേക്ക് കടന്നു വരുന്നത്.എന്നാല്‍, സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ പേര് വന്നില്ല.

രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം സിനിമയില്‍ വീണ്ടും തന്റെ സാന്നിദ്ധ്യമറിയിക്കുന്നത് 1952 ലെ“പ്രേമലേഖ” യിലൂടെയായിരുന്നു. സിനിമയുടെ കഥ – തിരക്കഥ – സംഭാഷണം – ഗാനരചന തുടങ്ങിയവയ്ക്ക് പുറമേ ഏഷണിക്കാരന്‍ കുഞ്ഞനാശാന്റെ റോളില്‍ അഭിനയിക്കുകയും ചെയ്തു.

പ്രേമലേഖ ക്ക് ശേഷം വിശപ്പിന്റ്റെ വിളി , അച്ഛൻ , വേലക്കാരൻ , മന:സാക്ഷി, അവൻ വരുന്നു , അനിയത്തി , അവരുണരുന്നു , പാടാത്ത പൈങ്കിളി , നായരു പിടിച്ച പുലിവാൽ , രണ്ടിടങ്ങഴി, മിന്നൽ‌പ്പടയാളി, നാടോടികള്‍ , പൂത്താലി , കലയും കാമിനിയും,ആറ്റംബോംബ് , അദ്ധ്യാപിക, പുന്നപ്ര വയലാർ , അനാച്ഛാദനം തുടങ്ങിയ മുപ്പതോളം സിനിമകളിലാണ് വാണക്കുറ്റി അഭിനയിച്ചിട്ടുള്ളത്.

“ആനൈ വളര്‍ത്തിയ വാനമ്പാടിയുടെ മലയാളം പതിപ്പില്‍ ഫ്രെണ്ട് രാമസാമി എന്ന നടന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് ശബ്ദം നൽകിയത് വാണക്കുറ്റിയായിരുന്നു.

അധികം സിനിമകള്‍ക്ക് വേണ്ടി ഗാനങ്ങളെഴുതിയിട്ടില്ലെങ്കിലും ആദ്യകാല മലയാളസിനിമാ ഗാനരചയിതാക്കളുടെ പട്ടികയില്‍ വാണക്കുറ്റിയുടെ പേരും പരാമര്‍ശിക്കപ്പെടാറുണ്ട്. പ്രേമലേഖയിലെ പന്ത്രണ്ട് ഗാനങ്ങളും രചിച്ചത് വാണക്കുറ്റിയായിരുന്നു .

വീഡിയോ കാണാം

ബാലമുരളീകൃഷ്ണ ആലപിച്ച ” കണ്ണനെ കാണാത്ത കണ്ണെന്തിനാ ..ആ കളഗീതം കേള്‍ക്കാത്ത കാതെന്തിനാ ..? ” എന്ന് തുടങ്ങുന്ന അര നൂറ്റാണ്ടിലേറെ പഴക്കമുള്ള, ഭക്തിഗാനവും , കുട്ടികൾക്കുവേണ്ടിയുള്ള “ഉറുമ്പുറുമ്പോ തന്നാനാ ..” , ” ജയിച്ചടട്ടെ ഭാരതം..” എന്ന ദേശഭക്തിഗാനം തുടങ്ങി വളരെ പ്രശസ്തമായ ഒട്ടനവധി സിനിമേതര ഗാനങ്ങളും വാണക്കുറ്റി രചിച്ചിട്ടുണ്ട്.

വിവിധ നാടകസമിതികള്‍ക്ക് വേണ്ടി അമ്പതിലേറെ നാടകങ്ങള്‍ രചിക്കുകയും ഒപ്പം ഹാസ്യനടനായി കാണികളുടെ കൈയ്യടി നേടുകയും ചെയ്തിട്ടുണ്ട്.പില്‍ക്കാലത്ത് സിനിമയില്‍ ശ്രദ്ധേയരായ എസ്.പി.പിള്ള, തിലകന്‍, ജോസ് പ്രകാശ്, മാള, അച്ചന്‍കുഞ്ഞ്, അടൂര്‍ ഭവാനി,പങ്കജവല്ലി, മാവേലിക്കര പൊന്നമ്മ തുടങ്ങിയ ഒരു പറ്റം നടീ – നടന്മാര്‍ക്കൊപ്പം വാണക്കുറ്റി വേദി പങ്കിട്ടു.

രണ്ടായിരത്തില്‍പ്പരം വിനോദകഥകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അമ്പതുകളിലെയും അറുപതുകളിലെയും ഹാസ്യപ്രസിദ്ധീകരണങ്ങളിലൊക്കെ ഇവ സ്ഥിരമായി സ്ഥാനം പിടിച്ചിരുന്നു. ഹാസ്യസാഹിത്യത്തിൽ വാണക്കുറ്റി സുഖമായി സഞ്ചരിച്ചതും വിജയം കൈവരിച്ചതും പാരഡിയുടെ മേഖലയിലാണ്.

ആ പാരഡിക്കവിതകളാകട്ടെ പ്രതിയോഗിക്ക് കുറിക്ക് കൊള്ളുന്നതായിരുന്നു. 1940 – 1960 കളില്‍, അക്കാലത്തെ ശ്രദ്ധേയ സിനിമാഗാനങ്ങള്‍,നാടകഗാനങ്ങള്‍, വടക്കൻപാട്ടുകൾ,കവിതകള്‍ തുടങ്ങിയവയുടെ ചുവടു പിടിച്ച് ആയിരത്തില്‍പ്പരം പാരഡിഗാനങ്ങൾ രചിച്ചിട്ടുണ്ട്. രസകരങ്ങളായ കഥകളിപ്പദങ്ങളും ധാരാളമായി എഴുതിയിട്ടുണ്ട്.

1972 ജൂലൈ 30 ന് അൻപത്തിമൂന്നാം വയസ്സിലാണ് വാണക്കുറ്റി അന്തരിച്ചത്. ഭാര്യ പരേതയായ കെ ഭവാനിയമ്മ. മക്കൾ, വിജയചന്ദ്രിക, വസന്തകുമാരി, ദേവാനന്ദ്.

Exit mobile version