കരള്‍ തുളച്ചിറങ്ങിയ പെല്ലറ്റ് ചിന്നുവിന്റെ ജീവനെടുത്തു; വൈക്കം തലയാഴത്ത് അയല്‍വാസിയുടെ വെടിയേറ്റ വളര്‍ത്തു പൂച്ച ചത്തു

വൈക്കം: തലയാഴത്ത് അയല്‍വാസിയുടെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന വളര്‍ത്തുപൂച്ച ചത്തു. ഞായറാഴ്ചയാണ് പൂച്ചയ്ക്ക് വെടിയേറ്റത്. വെടിവെപ്പില്‍ കരളില്‍ മുറിവും കുടലിനു ക്ഷതവും ഏറ്റിരുന്നു. ഇന്നലെ രാത്രിയാണ് പൂച്ച ചത്തത്.

തലയാഴം പരണാത്ര വീട്ടില്‍ രാജന്‍- സുജാത ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള വളര്‍ത്തുപൂച്ച ചിന്നുവിനെ അയല്‍വാസിയായ രമേശന്‍ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു. രമേശന്റെ വളര്‍ത്തുപ്രാവിനെ കഴിഞ്ഞ ദിവസം ചിറകൊടിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് പൂച്ച കടിച്ചതിനെ തുടര്‍ന്നാണെന്ന് ആരോപിച്ചായിരുന്നു അക്രമണം.

മുമ്പ് വളര്‍ത്തിയിരുന്ന ഇവരുടെ 15 ലധികം പൂച്ചകളെയും പലപ്പോഴായി ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇനി ഇത്തരം നടപടികുണ്ടാകാതിരിക്കാന്‍ നിയമസഹായം നേടാനുള്ള തീരുമാനത്തിലാണ് ദമ്പതികള്‍. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്

Exit mobile version