ഇന്ന് സോഷ്യല്‍ മീഡിയ വളരെയധികം ചർച്ച ചെയ്യുന്ന ഒരു ചിത്രമാണ് ചുരുളി. ഈ ചിത്രത്തിന്‍റെ മൂല കഥ വിനോയ് തോമസിൻ്റെ ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എന്ന കഥയില്‍ നിന്നുമാണ് കടം കൊണ്ടിരിക്കുന്നത്. ആ കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ചുരുളി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വഹിച്ച ചുരുളിയിലെ തെറി വലിയ തോതില്‍ ചര്‍ച്ചയാവുമ്പോള്‍ ഈ വിഷയത്തില്‍ തന്‍റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുകയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി ഗീതി സംഗീത.
കുറ്റകൃത്യത്തെയും മനുഷ്യനെയും വ്യത്യസ്ഥമായ സാമൂഹ്യ സാഹചര്യങ്ങള്‍ക്കൊപ്പം നിന്നും നിര്‍വചിക്കുന്ന ചിത്രമാണ് ചുരുളി. നിയമം സംരക്ഷിക്കുന്നയാള്‍ – നിയമം ലംഘിക്കുന്നയാള്‍ എന്ന രണ്ട് വക ഭേദങ്ങളെ മുന്നില്‍ നിര്‍ത്തിയാണ് ഈ ചിത്രത്തിന്‍റെ കഥ വ്യാഖ്യാനിക്കുന്നത്.
നവംബര്‍ 19ന് ഒടിടി പ്ലാറ്റ്‌ഫോമില്‍ ആണ് ഈ ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിലെ തെറി മാത്രമല്ല ആ സിനിമയെക്കുറിച്ചും പ്രേക്ഷകര്‍ സംസാരിക്കണമെന്നാണ് ചുരുളിയില്‍ പെങ്ങള്‍ തങ്ക എന്ന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച നടി ഗീതി സംഗീതക്കു പറയാനുള്ളത്. ചുരുളിയെന്ന ചിത്രത്തിലെ ഭാഷയെക്കുറിച്ച് പലര്‍ക്കും പല അഭിപ്രായമാണ് നില നില്‍ക്കുന്നത്. ഈ ചിത്രത്തില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ താമസിക്കുന്ന ഒരു സ്ഥലത്തെ സംഭവങ്ങള്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിലെ കുറ്റവാളികളുടെ ഭാഷ വളരെ
സഭ്യമായിരിക്കണമെന്ന് ഒരിക്കലും ആവശ്യപ്പെടാന്‍ കഴിയില്ല.
കാരണം എ സര്‍ട്ടിഫിക്കറ്റോട് കൂടി 18ന് മുകളില്‍ പ്രായം ഉള്ളവര്‍ക്ക് എന്ന് പറഞ്ഞു കൊണ്ടാണ് ചുരുളി ആരംഭിക്കുന്നത്. സിനിമ ആരംഭിക്കുമ്പോള്‍ തന്നെ അതിന്‍റെ ഭാഷ നമുക്ക് വ്യക്തമാകും. ആ ഭൂമിക അവകാശപ്പെടുന്ന ആളുകളുടെ സംസ്‌കാരത്തിൻ്റെ ഭാഗമാണ് ആ ഭാഷ. അല്ലാതെ മനപ്പൂര്‍വ്വം ചിത്രത്തില്‍ തെറി പറയാന്‍ വേണ്ടി തെറി പറയുകയല്ല. സിനിമ ഉദ്ദേശിക്കുന്നത് അതല്ല. ചുരുളിയിലെ തെറി മാത്രമല്ല മറ്റ് പലതും ആ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാനുണ്ട്. അതിനെക്കുറിച്ച് കൂടി സംസാരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
