അഴിക്കുള്ളിൽ നിന്ന് മോചിതനായാല്‍ പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കും, എന്നേക്കുറിച്ച് അഭിമാനം തോന്നുന്ന പ്രവര്‍ത്തികളുണ്ടാകും; സമീര്‍ വാങ്കഡെയ്ക്ക് ഉറപ്പുനല്‍കി ആര്യന്‍ ഖാൻ

ബോളിവുഡിനെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായ സംഭവം. ആര്യന്‍ ഖാന് ഒപ്പം 16-ഓളം പേരെയായിരുന്നു എന്‍സിബി അറസ്റ്റ് ചെയ്തത്. എന്‍സിബിയുടെ മുംബൈ യൂണിറ്റ് സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലായിരുന്നു ആര്യന്‍ ഖാന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായത്.

നിലവില്‍ ജയിലില്‍ കഴിയുകയാണ് ആര്യന്‍. അതേസമയം ചെയ്തകാര്യത്തില്‍ ആര്യന്‍ ഖാന് പശ്ചാത്താപം ഉണ്ടായി എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ജയില്‍ മോചിതനായ ശേഷം സമൂഹത്തിലെ പാവപ്പെട്ടവരുടെ സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന് ആര്യന്‍ ഖാന്‍ പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്.

എന്‍സിബിയുടെ മുംബൈ യൂണിറ്റ് സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ നല്‍കിയ കൗണ്‍സിലിങിലാണ് ആര്യന്‍ ഖാന്‍ ഇക്കാര്യം വിശദമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പാവപ്പെട്ടവരുടെ സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കും. തെറ്റായ കാരണങ്ങള്‍ക്കൊണ്ട് പൊതുജന ശ്രദ്ധ കിട്ടുന്ന അവസരങ്ങള്‍ ഉണ്ടാകില്ല. എന്നേക്കുറിച്ച് അഭിമാനം തോന്നുന്ന പ്രവര്‍ത്തികളുണ്ടാകുമെന്നും ആര്യന്‍ ഖാന്‍ സമീര്‍ വാങ്കഡേയ്ക്ക് ഉറപ്പുനല്‍കിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്യുന്നത്.

നിലവില്‍ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുകയാണ് ആര്യന്‍ ഖാന്‍. ആര്‍തര്‍ റോഡിലെ ജയിലിലാണ് ആര്യന്‍ ഖാനുള്ളത്. ഒക്ടോബര്‍ 20നാണ് ആര്യന്റെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുക. ഒക്ടോബര്‍ 2ന് മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കവേയാണ് ആര്യന്‍ ഉള്‍പ്പടെ ഉള്ളവരെ എന്‍സിബി അറസ്റ്റ് ചെയ്തത്.

Exit mobile version