എന്റെ കൂടെ ജീവിക്കാന്‍ തയ്യാറാണോ എന്ന് ചോദിച്ചപ്പോൾ, എതിര്‍പ്പൊന്നുമില്ലെന്ന് സുശീലയുടെ മറുപടി; അങ്ങനെ സുശീലയെ താന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തു; നെടുമുടി വേണുവിന്റെ ജീവിതം ഇതുവരെ

കലാകാരന്‍ നെടുമുടി വേണുവിന്റെ വിയോഗം ഇപ്പോഴും പലര്‍ക്കും വിശ്വസിക്കാനായിട്ടില്ല. ആലപ്പുഴയിലെ നെടുമുടിയില്‍ പികെ കേശവപിള്ളയുടെയും പി കുഞ്ഞിക്കുട്ടിയമ്മയുടെയും അഞ്ച് മക്കളില്‍ ഇളയവനായിട്ടായിരുന്നു വേണുവിന്റെ ജനനം. നെടുമുടി എന്‍എസ്എസ് സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരിസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലപ്പുഴ എസ് ഡി കോളജില്‍ നിന്നും മലയാളസാഹിത്യത്തില്‍ ബിരുദം നേടി. കോളജ് കാലം മുതല്‍ കല പ്രവര്‍ത്തനങ്ങളില്‍ സജീവമായി. കാവാലം നാരായണപ്പണിക്കരുടെ നാടകങ്ങളിലൂടെ അഭിനയ രംഗത്തെത്തി. പിന്നീട് സിനിമയിലേക്ക് ചുവടുമാറ്റി.

വേണു വിവാഹം ചെയ്തത് ഒരേ നാട്ടുകാരിയെ തന്നെയായിരുന്നു. പ്രണയ വിവാഹമായിരുന്നു. വെയര്‍ഹൗസിങ് കോര്‍പറേഷനില്‍ ഉദ്യോഗസ്ഥയായിരുന്നു വേണുവിന്റെ ഭാര്യ സുശീല. വിവാഹ ശേഷം ജോലി ഉപേക്ഷിച്ചു. ഉണ്ണി, കണ്ണന്‍ എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്. അടുത്തിടെ ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ സുശീലയുമായുള്ള പ്രണയത്തെ കുറിച്ച് നെടുമുടി വേണു മനസ്സ് തുറന്നിരുന്നു. തന്റെ ജീവിതം ഇത്രമേല്‍ ശാന്തമായതിന് പിന്നില്‍ സുശീലയുടെ തണലാണെന്നാണ് അദ്ദേഹം പറഞ്ഞത്.

സുശീലയുമായുള്ള വിവാഹത്തിന് സംവിധായകന്‍ ജോണ്‍ എബ്രഹാമും ഒരു നിമിത്തമായിട്ടുണ്ടെന്ന് വേണു പറഞ്ഞിട്ടുണ്ട്. സിനിമാക്കാരൊക്കെ വഴി പിഴച്ചുപോകുമെന്നൊക്കെ കേള്‍ക്കുന്നുണ്ടല്ലോ ജോണേ, പ്രത്യേകിച്ച് സ്ത്രീ വിഷയത്തില്‍, എന്റെ മോനും…എന്ന് തന്റെ അമ്മ ഒരു ദിവസം വീട്ടിലെത്തിയ ജോണിനോട് ചോദിക്കവേ ഇടയ്ക്കു കയറി ജോണ്‍ പറഞ്ഞു, അമ്മയുടെ മോന്‍ ഒരിക്കലും വഴിതെറ്റില്ല, ഇത് ജോണ്‍ എബ്രാഹാമാണ് പറയുന്നതെന്ന്. ആ സമയം തന്റെ മനസ്സിലേക്ക് സുശീലയുടെ രൂപമാണ് കടന്നുവന്നതെന്ന് നെടുമുടി പറഞ്ഞിരുന്നു.

അന്ന് സുശീലയുടെ വീട്ടില്‍ ചെന്ന് എന്റെ കൂടെ ജീവിക്കാന്‍ തയ്യാറാണോ എന്ന് ചോദിച്ചു. എതിര്‍പ്പൊന്നുമില്ലെന്നായിരുന്നു സുശീലയുടെ മറുപടി. സിനിമാഭിനയം അവരുടെ വീട്ടിലൊരു പ്രശ്‌നമായിരുന്നതിനാല്‍ സുശീലയെ താന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നുവെന്ന് നെടുമുടി പറഞ്ഞിരുന്നു. തെറ്റായ പലരിലേക്കും വഴിമാറിയൊഴുകാനുള്ള സാഹചര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിരുന്നുവെങ്കിലും ദൈവം തന്നെ സുരക്ഷിതമായ കൈകളിലാണ് ഏല്‍പ്പിച്ചതെന്ന് നെടുമുടി.

Exit mobile version