പൊക്കമില്ലായ്മ തനിക്കും ചേച്ചിക്കും ഒരിക്കലും ഒരു പോരായ്മയായി തോന്നിയിട്ടില്ലെന്ന് സൂരജ്. ശരീരത്തിന് മാത്രമേ പൊക്കമില്ലായ്മ ഉള്ളൂ എന്നും മനസ്സുകൊണ്ട് തങ്ങൾ എത്രയോ ഉയരത്തിൽ ആണെന്നും സൂരജ് പറഞ്ഞു.സൂരജിന്റെ വാക്കുകൾ, എനിക്കും ചേച്ചിക്കും പൊക്കം കൂടാനുള്ള പൊടി വാങ്ങി അച്ഛന്റെ പേഴ്സിലെ കുറേ കാശ് തീർന്നിട്ടുണ്ട്. ആ കുപ്പികൾ കൊണ്ട് ഞങ്ങളുടെ വീട് നിറഞ്ഞു എന്നല്ലാതെ ഞാൻ നാലിഞ്ചിൽ നിന്നും ചേച്ചി മൂന്നിൻചിൽ നിന്നും ഒരു സെന്റീമീറ്റർ പോലും വളർന്നില്ല. പക്ഷേ വളരാത്തത് പൊക്കം മാത്രമാണ് കേട്ടോ, മനസ്സുകൊണ്ട് ഞാനും ചേച്ചിയും അങ്ങു ഉയരത്തിലാണ്. ലേഹ്യവും അരിഷ്ടവും തുടങ്ങി പല മരുന്നുകളും കിലോക്കണക്കിന് ഇവർ കഴിച്ചിട്ടുണ്ട്. എന്നാൽ അതുകൊണ്ടൊന്നും ഇവരുടെ കാര്യത്തിൽ ഒരു കാര്യവുമില്ല എന്ന് പിന്നീടാണ് രക്ഷിതാക്കൾക്ക് മനസ്സിലായത്.
ബ്രൗൺ നിറമുള്ള ഒരു ചവർപ്പുള്ള മരുന്ന് ഡോക്ടർ സ്ഥിരമായി നൽകുമായിരുന്നു. പൊക്കം വരാൻ ഉള്ള ആഗ്രഹം കൊണ്ട് രുചി ഒന്നും നോക്കാതെ അത് കണ്ണടച്ചു കഴിക്കുമായിരുന്നു. ഓരോ തവണ ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോൾ ഒരു ചുമരിൽ ചാരി നിർത്തി പൊക്കം അളക്കും. അവസാനം ഡോക്ടർ തന്നെ പറഞ്ഞു ഇത് നടക്കുമെന്ന് തോന്നുന്നില്ല. കാര്യങ്ങൾ തിരിച്ചറിയാൻ ആകുന്ന പ്രായമായപ്പോൾ ഒരു ദിവസം അച്ഛൻ തന്നെയും സഹോദരിയേയും വിളിച്ചിട്ട് പറഞ്ഞു, ”നിങ്ങൾ ഇനി അധികം പൊക്കം വയ്ക്കില്ല ഇപ്പോൾ ഉള്ളതിൽ നിന്ന് ഇനി വലിയ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല ചികിത്സ ഒക്കെ ഭയങ്കര ചെലവാണ്. നമ്മളെക്കൊണ്ട് താങ്ങില്ല. മാത്രമല്ല ചാൻസ് ഫിഫ്റ്റി ഫിഫ്റ്റി മാത്രമേയുള്ളൂ. പാർശ്വഫലങ്ങൾ ഉണ്ടാവുകയും ചെയ്യും”.
എന്നാൽ ഇതൊക്കെ കേൾക്കുന്നതിനു മുമ്പ് തന്നെ ഞങ്ങളുടെ മനസ്സ് ആ സത്യവുമായി പൊരുത്തപ്പെട്ടിരിക്കുന്നു. പണ്ട് സ്‌കൂളിൽ പോകുമ്പോൾ ബാക്കി കുട്ടികൾക്ക് എല്ലാം പൊക്കമുള്ളത് കണ്ടിട്ട് പതുക്കെ നമ്മുടെ കാര്യവും ശരിയാകും എന്നായിരുന്നു കരുതിയിരുന്നത്. അച്ഛൻ മറ്റൊരു കാര്യവും തന്നോടും സഹോദരിയോടും പറഞ്ഞിരുന്നു. ”കലയാണ് ഇനി നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ട മേഖല. കലയിലൂടെ നിങ്ങൾ വളരണം. എല്ലാവരെക്കാളും ഉയരത്തിൽ എത്തണം”. അച്ഛന്റെ ആ വാക്കുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഞങ്ങൾ ഈ നിലയിൽ എത്തിയത്.
