സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾക്ക് വിരാമമിട്ടു കൊണ്ട് വിവാഹമോചന വാർത്ത ഔദ്യോഗികമായി പ്രതികരിച്ച് സാമന്തയും നാഗചൈതന്യയും. സോഷ്യൽ മീഡിയയിലൂടെയാണ് വേർപിരിയൽ വാർത്ത ആരാധകരെ അറിയിച്ചത്
ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും പത്ത് വർഷത്തിലധികമായുള്ള സൗഹൃദം തങ്ങളുടെ ജീവതത്തിന് വളരെയധികം പ്രാധാന്യം നൽകിയിരുന്നെന്നും എക്കാലവും അതുണ്ടാവുമെന്ന് വിശ്വസിക്കുന്നുമെന്നും താരങ്ങൾ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. എല്ലാവരുടേയും പിന്തുണ വേണമെന്നും താരങ്ങൾ അഭ്യർത്ഥിക്കുന്നു.
അടുത്തിടെയായി ഗോസിപ് കോളങ്ങളിലെ സ്ഥിരം പേരുകളാണ് തെലുങ്ക് താരദമ്പതികളായ സാമന്തയും നാഗചൈതന്യയും. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അകൽച്ചയിലാണെന്നും വേർപിരിഞ്ഞാണ് താമസമെന്നുമെല്ലാം വാർത്തികൾ വന്നിരുന്നു. ഇതിന് പിന്നാലെ നാഗചൈതന്യയുടെ പുതിയ ചിത്രം ലൗ സ്റ്റോറിയുടെ വിജയാഘോഷങ്ങളിലും സാമന്തയുടെ അസാന്നിധ്യമാണ് ഏറ്റവും ചർച്ചയായത്. നാഗചൈതന്യയുടെ പിതാവും സൂപ്പർതാരവുമായ ചിരഞ്ജീവിയുടെ വീട്ടിൽ ആമിർഖാന് നൽകിയ വിരുന്നിലും സാമന്തയുണ്ടായിരുന്നില്ല.
2017ലാണ് പ്രണയത്തിനു പിന്നാലെ നാഗ ചൈതന്യയും സാമന്തയും വിവാഹിതരായത്. നാഗ ചൈതയുടെ കുടുംബ പേരായ അക്കിനേനി എന്ന് കൂട്ടിച്ചേർത്തായിരുന്നു പിന്നീട് സാമന്തയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഉണ്ടായിരുന്നത്. എന്നാൽ അടുത്ത കാലത്തായി സാമന്ത തൻറെ പേരിൽ നിന്ന് അക്കിനേനി എന്നത് നീക്കം ചെയ്തു. മാത്രമല്ല നാഗ ചൈതന്യക്കൊപ്പമുള്ള ഫോട്ടോകളും വിശേഷങ്ങളുമാണ് മുമ്പ് താരത്തിൻറെ അക്കൌണ്ടുകളിൽ നിറഞ്ഞിരുന്നതെങ്കിൽ ഇപ്പോഴത് അപ്രത്യക്ഷമായി. ഇതോടെയാണ് അഭ്യൂഹങ്ങൾ പരന്നുതുടങ്ങിയത്.
സാമന്ത കരിയറിന് നൽകുന്ന ശ്രദ്ധയും മറ്റു ഭാഷകളിൽ നിന്ന് ലഭിക്കുന്ന അവസരവും നാഗചൈതന്യയും കുടുംബത്തെയും അസ്വസ്ഥമാക്കി എന്നും ഇതാണ് വേർപിരിയലിലേക്ക് നയിച്ചതെന്നും ഗോസിപ്പുകളിൽ പറയുന്നു.
