ഓസ്ട്രേലിയയിൽ താമസിക്കാൻ താൽപര്യമുണ്ടോ? വധുവിനെ തേടിയ ഉണ്ണികൃഷ്ണന്റെ കഥ ഇങ്ങനെ

തൃശൂർ∙ കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ ഒരു വാര്‍ത്ത പുറത്ത് വന്നിരുന്നു. വല്ലച്ചിറ ഗ്രാമത്തിലെ തട്ടുകടക്കാരനെക്കുറിച്ചായിരുന്നു ആ വാര്‍ത്ത. വധുവിനെ ആവശ്യമുണ്ടെന്ന ബോര്‍ഡ് തട്ടുകടയില്‍ തൂക്കിയ ഉണ്ണികൃഷ്ണനെക്കുറിച്ചായിരുന്നു വാര്‍ത്ത.

വാര്‍ത്ത വന്ന ദിവസംതൊട്ട് ഇന്നുവരെ, ഉണ്ണികൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു കൊണ്ടേയിരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളാണ് ഫോണിന്റെ അങ്ങെതലയ്ക്കൽ. ഇറ്റലി, ഓസ്ട്രേലിയ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നും കല്യാണ ആലോചനകളാണു ഫോണിലൂടെ എത്തുന്നത്.

വിവിധ സ്ഥലങ്ങളിൽനിന്ന് ഒരുപാട് ആലോചനകൾ ഇപ്പോൾ വരുന്നുണ്ട്. രാവിലെ മുതൽ ഫോൺവിളികൾ തുടങ്ങും. ഇന്നലെ വൈകിട്ട് ഇറ്റലിയിൽനിന്നും ഇന്ന് ഓസ്ട്രേലിയയിൽനിന്നും വിളിച്ചു. ഇറ്റലിയിൽനിന്ന് ആശംസകൾ അറിയിക്കാനാണ് വിളിച്ചത്.

ഓസ്ട്രേലിയ സ്വദേശിയായ യുവതി വിവാഹാലോചനയുമായാണ് വിളിച്ചത്. പോസ്റ്റ് കണ്ടപ്പോൾ ഒരു മലയാളിയെക്കൊണ്ട് വിളിപ്പിച്ചതാണ്. ഓസ്ട്രേലിയയിൽ താമസമാക്കാൻ താൽപര്യമുണ്ടോയെന്നും ചോദിച്ചു. അവരോട് അറിയിക്കാമെന്ന് പറഞ്ഞു.’

മുപ്പത്തിമൂന്നുകാരനായ ഉണ്ണികൃഷ്ണന്‍ െഞട്ടിത്തരിച്ച് ഇരിക്കുകയാണ്. പെണ്ണുകാണല്‍ ചടങ്ങിനു വരാന്‍ നിരവധി പേര്‍ വിളിച്ചു. ഇവിടെയെല്ലാം പോകണമെങ്കില്‍ ഒരു മാസം തട്ടുക്കട അടച്ചിടേണ്ടി വരും. കുറച്ചുക്കാലം മുമ്പ് ശാരീരകമായ അസുഖം ബാധിച്ചിരുന്നു. അന്ന്, വിവാഹം കഴിക്കേണ്ടെന്ന് തീരുമാനിച്ചതാണ്. പക്ഷേ, അസുഖമെല്ലാം ഭേദമായി തട്ടുക്കടയും ലോട്ടറിക്കടയും തുടങ്ങി. ബന്ധുക്കളും നാട്ടുകാരും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. പല രീതിയിൽ കല്യാണ ആലോചന നടത്തിയിട്ടും ഒന്നും ഒത്തുവന്നുമില്ല. അങ്ങനെയാണ്, കടയില്‍തന്നെ ബോര്‍ഡ് തൂക്കാന്‍ തീരുമാനിച്ചത്.

‘ജീവിത പങ്കാളിയെ തേടുന്നു.(ജാതി മത ഭേദമന്യേ) ഫോണ്‍ നമ്പര്‍..’ ഈ വാചകം പ്രിന്റ് എടുത്ത് കടയില്‍ തൂക്കി. ഇതറിഞ്ഞ മനോരമ ചേര്‍പ്പ് ലേഖകന്‍ നിജീഷ് വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഇതോടെ, ഉണ്ണികൃഷ്ണന്റെ ജീവിതസഖിയാകാന്‍ ആളുകളുടെ തിരക്കോട് തിരക്ക്. ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ള ആളുകൾ ഫെസ്ബുക്കിൽ പോസ്റ്റ് ഇട്ടതോടെ സമൂഹമാധ്യമങ്ങളിലും ഉണ്ണികൃഷ്ണന്റെ ബോർഡ് ഹിറ്റായി.

Exit mobile version