1909 അക്ഷരങ്ങളും ഫാത്തിമ ഫിദയ്ക്ക് നിസ്സാരം: ലോകത്തിലെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ ഇംഗ്ലീഷ് വാക്ക് ഉച്ഛരിച്ച് കൈയ്യടി നേടി ഒന്‍പതാം ക്ലാസ്സുകാരി

പരപ്പനങ്ങാടി: ലോകത്തിലെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ ഇംഗ്ലീഷ് വാക്ക് കാണാതെ ഉച്ഛരിച്ച് കൈയ്യടി നേടുകയാണ് പരപ്പനങ്ങാടിയിലെ മിടുക്കി ഫാത്തിമ ഫിദ.ഇംഗ്ലീഷിലെ 1909 അക്ഷരങ്ങളുള്ള മൂന്നുമിനിറ്റോളം ദൈര്‍ഘ്യമുള്ള വാക്കാണ് ഒന്‍പതാം ക്ലാസ്സുകാരിയായ ഫാത്തിമ ഫിദ നിഷ്പ്രയാസം പറയുന്നത്. രസതന്ത്രവുമായി ബന്ധപ്പെട്ട ഈ വാക്ക് ആദ്യമായി കാണാതെ പറയുന്നത് ഫിദയാണ്.

ലോകത്തിലെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ അമേരിക്കന്‍ ഉച്ചാരണ ശൈലിയിലുള്ള ഈ ഒറ്റവാക്ക് അനായാസം ഉച്ചരിക്കാന്‍ കുറഞ്ഞ സമയം കൊണ്ടാണ് ഫിദ പഠിച്ചെടുത്തത്. മൂന്നാമത്തെ 183 അക്ഷരങ്ങളുള്ള വാക്കും പഠിച്ചിട്ടുണ്ട്. പരപ്പനങ്ങാടി സ്വദേശിയായ സികെ ഫൗസിയയുടെയും വിദേശത്ത് ജോലി ചെയ്യുന്ന മുട്ടിച്ചിറയിലെ അബു ഫൈസലിന്റെയും മകളാണ് ഈ മിടുക്കി. ചെമ്മാട് നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.

അധ്യാപകരുടെ പ്രോത്സാഹനവും ഫിദക്കുണ്ട്. ആകാശവാണി സാഹിത്യവാണിയിലെ കുട്ടികളുടെ റേഡിയോയില്‍ റേഡിയോ ജോക്കിയാണ്. നാച്ചുറല്‍ ക്ലബ്ബായ ഇല ജൂനിയേഴ്സിന്റെ സംസ്ഥാന പ്രസിഡന്റാണ്. മൂന്നാമത്തെ നീളംകൂടിയ വാക്ക് കാണാതെ പഠിച്ച മലപ്പുറം ജില്ലയിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.

Exit mobile version