പിടികൂടിയ വിഷപ്പാമ്പിനെ കഴുത്തിൽ ചുറ്റി രണ്ട് മണിക്കൂറിലേറെ ഗ്രാമത്തിൽ പ്രകടനം നടത്തിയ വ്യക്തിക്ക് അതേ പാമ്പിന്റെ കടിയേറ്റ് ദാരുണാന്ത്യം

പിടികൂടിയ വിഷപ്പാമ്പിനെ കഴുത്തിൽ ചുറ്റി രണ്ട് മണിക്കൂറിലേറെ ഗ്രാമത്തിൽ പ്രകടനം നടത്തിയ വ്യക്തിക്ക് അതേ പാമ്പിന്റെ കടിയേറ്റ് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം നടന്നത്. പാമ്പിനെ പിടിക്കുന്നതിൽ വിദഗ്ധനായ 55കാരനായ ദേവേന്ദ്ര മിശ്രയാണ് പാമ്പുകടിയേറ്റ് മരിച്ചത്. ഇരുന്നൂറിലധികം പാമ്പുകളെ ഇയാൾ പിടികൂടിയിട്ടുള്ളതായി പ്രദേശവാസികൾ വ്യക്തമാക്കി. വെള്ളിയാഴ്ച അയൽവാസിയായ രവീന്ദ്രകുമാറിന്റെ വീട്ടിൽ നിന്നാണ് ഇയാൾ വിഷപ്പാമ്പിനെ പിടികൂടിയത്. പിടിച്ച പാമ്പിനെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാതെ ഇയാൾ കഴുത്തിലിട്ട് പ്രകടനം നടത്തുകയായിരുന്നു. അതിന്റെ ദൃശ്യവും ചിത്രീകരിച്ചു.

ഏകദേശം രണ്ട് മണിക്കൂറിലേറെ ഇയാൾ പാമ്പിനെ കഴുത്തിൽ ചുറ്റി ഗ്രാമത്തിലൂടെ നടന്നു. ഇടയ്ക്ക് ഒരു കുട്ടിയുടെ കഴുത്തിൽ ഇയാൾ പാമ്പിനെ ഇടുന്നതും വിഡിയോയിൽ കാണാം. പിന്നീട് ഇയാളെ ഇതേ പാമ്പ് തന്നെ കടിക്കുകയായിരുന്നു. എന്നാൽ കടിയേറ്റിട്ടും ഇയാൾ ആശുപത്രിയിൽ പോകാൻ തയാറായില്ലെന്നും കുറച്ച് സമയത്തിന് ശേഷം മരിച്ചുവീഴുകയായിരുന്നുവെന്നും ഗ്രാമവാസികൾ പറഞ്ഞു. ശംഖുവരയൻ വിഭാഗത്തിൽപ്പെട്ട പാമ്പാണ് ഇയാളെ കടിച്ചത്.

Exit mobile version