ആന്ധ്രാപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പൊലീസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് യുവാവ് ബലാത്സംഗം ചെയ്തു. പുതുവത്സരം ആഘോഷിച്ച് മടങ്ങിയ ആദിവാസി പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. 35കാരനായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സുഹൃത്തിനൊപ്പം വിജയ നഗരത്തിലെ വട്ടിഗദ്ദ റിസര്‍വോയര്‍ സന്ദര്‍ശിച്ച ശേഷം മടങ്ങിയ പെണ്‍കുട്ടികളെ യുവാവ് പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നാലെ കുട്ടികളെ പീഡിപ്പിച്ചു. വിവരം പുറത്തു പറഞ്ഞാല്‍ പീഡന ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി. സംഭവം അറിഞ്ഞ പ്രദേശ വാസികളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് യുവാവിനെതിരെ പെണ്‍കുട്ടികളുടെ കുടുംബം പരാതി നല്‍കിയത്.
പീഡനത്തിനിടെ പരിക്കേറ്റ പെണ്‍കുട്ടികളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ പൊലീസ് സൂപ്രണ്ട് എം.ദീപിക അറിയിച്ചു. പ്രതിക്കെതിരെ 13 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376, 506 വകുപ്പുകളും പോക്‌സോ നിയമത്തിലെ വകുപ്പുകളും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
