ഹ്രസ്വകാലം നീണ്ടു നില്‍ക്കുന്ന കോവിഡ് തരംഗം ഇന്ത്യയില്‍ ഉടനെ തന്നെ ഉണ്ടായേക്കാമെന്ന പ്രവചനവുമായി കേംബ്രിജ് സര്‍വകലാശാല വികസിപ്പിച്ച കൊറോണ വൈറസ് ട്രാക്കര്‍. മെയ് മാസത്തില്‍ ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം മൂര്‍ധന്യത്തിലെത്തുമെന്നും ഈ ട്രാക്കര്‍ സംവിധാനം കൃത്യമായി പ്രവചിച്ചിരുന്നു.
ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ സ്ഫോടനാത്മക വളര്‍ച്ചയുണ്ടാകുമെന്നും എന്നാല്‍ അതിതീവ്ര വളര്‍ച്ചയുടെ ഘട്ടം ഹ്രസ്വമായിരിക്കുമെന്നും കേംബ്രിജ് സര്‍വകലാശാലയിലെ ജഡ്ജ് ബിസിനസ്സ് സ്‌കൂള്‍ പ്രഫസര്‍ പോള്‍ കട്ടുമാന്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, മിക്കവാറും ഈ ആഴ്ചയ്ക്കുള്ളില്‍ തന്നെ പുതിയ അണുബാധകളുടെ എണ്ണം ഉയരാന്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും ഇന്ത്യന്‍ സംസ്ഥാനം ഒമിക്രോണില്‍ നിന്ന് പൂര്‍ണമായും രക്ഷപ്പെട്ട് നില്‍ക്കുമെന്ന് കരുതുന്നില്ലെന്നും പ്രഫ. പോള്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പതിനൊന്ന് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അണുബാധ നിരക്ക് കുത്തനെ ഉയര്‍ന്നതായി സര്‍വകലാശാലയുടെ കൊറോണ വൈറസ് ട്രാക്കര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് കേസുകളുടെ പ്രതിദിന വളര്‍ച്ച നിരക്ക് ഡിസംബര്‍ 25ന് നെഗറ്റീവായിരുന്നത് ഡിസംബര്‍ 26ന് 0.6 ശതമാനവും ഡിസംബര്‍ 27ന് 2.4 ശതമാനവും ഡിസംബര്‍ 29ന് 5 ശതമാനവുമായി വര്‍ധിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 22,775 പുതിയ കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്.ഇന്ത്യയില്‍ ഒമിക്രോണ്‍ വകഭേദം ബാധിച്ചവരുടെ എണ്ണം 1431 ആയി ഉയര്‍ന്നു.
