റോഡ് തടഞ്ഞുള്ള പ്രതിഷേധം അംഗീകരിക്കാനാകില്ല; കർഷകരോട് നിലപാട് ആരാഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി: കർഷകർക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നത് മാനിക്കുന്നെന്നം എന്നാൽ റോഡ് തടഞ്ഞുള്ള പ്രതിഷേധം അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. നിയമനടപടി പരിഗണനയിലിരിക്കുമ്പോഴും കർഷകരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുകയാണെന്ന് സുപ്രീംകോടതി പ്രതികരിച്ചു.

റോഡ് തടഞ്ഞുള്ള സമരം ഒഴിവാക്കുന്നതിൽ കർഷകർ നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോൾ വാക്കാലായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. ഡിസംബർ ഏഴിന് കേസ് വീണ്ടും പരിഗണിക്കും.

നേരത്തെ ജന്തർമന്ദിറിൽ പ്രതിഷേധിക്കാൻ അനുമതി തേടി കർഷകർ കോടതിയെ സമീപിച്ചപ്പോഴും സമാനമായ നിരീക്ഷണം കോടതി നടത്തിയിരുന്നു. ഡൽഹിയെ ശ്വാസംമുട്ടിക്കുന്നതാണ് സമരമെന്നും ഇത് ഈ രീതിയിൽ മുന്നോട്ട് പോകാനാവില്ലെന്നും സുപ്രീംകോടതി പരാമർശിച്ചിരുന്നു.

അതേസമയം, സമരം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ മുൻകൈയെടുത്ത് ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഇതിനോട് സഹകരിക്കാൻ കർഷകർ തയാറായില്ലെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത അന്ന് കോടതിയെ അറിയിച്ചത്.

Exit mobile version