ത്യശൂർ: തൃശൂർ പൂരത്തിൽ അർധരാത്രി മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ കൂറ്റൻ ആൽമരം ഒടിഞ്ഞ് വീണ് രണ്ടു മരണം. വാദ്യക്കാരുടേയും ദേശക്കാരുടേയും പൊലീസുകാരുടേയും ദേഹത്തേയ്ക്കാണ് മരം വീണത്. മരച്ചില്ലകൾക്കിടയിൽ കുടുങ്ങി കിടന്നവരെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.
തിരുവമ്പാടിയുടെ രാത്രി എഴുന്നള്ളിപ്പിനിടെയായിരുന്നു ദുരന്തം. ബ്രഹ്മസ്വം മഠത്തിന്റെ കൂറ്റൻ ആൽമരത്തിന്റെ ഒരു ഭാഗമാണ് ഒടിഞ്ഞു വീണത്. ഈ സമയം രാത്രിയിലെ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുകയായിരുന്നു.
25 പേർക്ക് പരുക്കേറ്റു. മരിച്ചവർ രണ്ടു പേരും തിരുവമ്പാടി ദേശക്കാരാണ്.തൃശൂർ പൂച്ചെട്ടി സ്വദേശി രമേശ് , പൂങ്കുന്നം സ്വദേശി രാധാകൃഷ്ണൻ എന്നിവർ മരിച്ചു. ഇരുവരുടേയും തലയ്ക്കായിരുന്നു പരുക്ക്. മരം വീണ് പരുക്കേറ്റ 25 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടത്.
തൃശൂർ പൂരത്തിന്റെ പ്രശസ്തമായ മoത്തിൽ വരവ് പഞ്ചവാദ്യത്തിന് കുറേ വർഷങ്ങളായി തണൽ വിരിച്ച ആൽമരമാണ് ഒടിഞ്ഞ് വീണത്. കാറ്റോ മഴയോ ഉണ്ടായിരുന്നില്ല. കാലപ്പഴക്കമാകാം ഒടിഞ്ഞു വീഴാൻ കാരണം. അപകടം നടക്കുമ്പോൾ സമീപത്തെ പന്തലിൽ തിടമ്പേറ്റി നിന്നിരുന്ന കൊമ്പൻ പരിഭ്രാന്തിയിൽ ഓടി. ആനയെ പിന്നാലെ നിയന്ത്രണ വിധേയമാക്കി. പൊലീസും ഫയർഫോഴ്സും ദേശക്കാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.
