ഞങ്ങൾ ആണാണോ പെണ്ണാണോ എന്നൊക്കെയാണ് ചോദ്യങ്ങൾ !!  സമൂഹത്ത് നിങ്ങളെപ്പോലെ ഞങ്ങളും മനുഷ്യരാണ്!! ഞങ്ങളൊക്കെ മരിക്കണോ …അതാണോ വേണ്ടത്?   സാമൂഹിക വിരുദ്ധരുടെ ആക്രമണമുണ്ടായ ട്രാൻസ്‌ജെൻഡർ യുവതി സജ്‌ന ഷാജിക്ക് സംരക്ഷണം നൽകാമെന്ന് ആരോഗ്യമന്ത്രി ഏറ്റതിന് പിന്നാലെ കച്ചവടം പൂട്ടിച്ച് നഗരസഭ ഹെൽത്ത് വിഭാഗം; സജനയ്ക്ക് ബിരിയാണിക്കട തുടങ്ങാൻ സഹായവാഗ്ദാനവുമായി നടൻ ജയസൂര്യ

കൊച്ചിയില്‍ വഴിയോര ബിരിയാണി കച്ചവടം നടത്തി വന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സജനയ്ക്ക് നേരെ ഒരു കൂട്ടം അക്രമികള്‍ നടത്തിയ അക്രമം വലിയ തോതില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ സജനയ്ക്ക് സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജയസൂര്യ. സജനയ്ക്ക് ബിരിയാണിക്കട തുടങ്ങാന്‍ ജയസൂര്യ സാമ്പത്തികസഹായം നല്‍കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. സജനയുടെ ദുരിതം വാര്‍ത്തകളിലൂടെ അറിഞ്ഞാണ് താരം സഹായ ഹസ്തം നീട്ടി രംഗത്തെത്തിയത്.

കൊറോണക്കാലത്ത് ജോലി നഷ്ടപ്പെട്ടപ്പോള്‍ അതിജീവിക്കാനായി കുടുക്കയില്‍ സൂക്ഷിച്ച രൂപയും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മാറ്റിവച്ച പണവും ചേര്‍ത്താണ് സജന എറണാകുളത്ത് ബിരിയാണിക്കച്ചവടം തുടങ്ങിയത്. കൊറോണക്കാലത്ത് ജോലി നഷ്ടപ്പെട്ട സജന മൂന്നു പേര്‍ക്ക് ജോലി നല്‍കുകയും വൈകുന്നേരങ്ങളില്‍ തെരുവില്‍ ജീവിക്കുന്ന കുറച്ചുപേരുടെ വിശപ്പടക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ബിരിയാണി കച്ചവടത്തിനിറങ്ങിയ സജനയെയും കൂട്ടരേയും കഴിഞ്ഞ ദിവസം മറ്റ് കച്ചവടക്കാര്‍ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയായിരുന്നു. ആണും പെണ്ണും കെട്ടവരെന്ന് അധിക്ഷേപിക്കുകയും ബിരിയാണിയില്‍ പുഴുവാണെന്ന് പറഞ്ഞ് ഭക്ഷണം വാങ്ങാന്‍ വന്നവരെ തിരിച്ചയയ്ക്കുകയും ചെയ്തു. ഏതാണ്ട് 140ഓളം ബിരിയാണിയാണ് ഇത് മൂലം ബാക്കി വന്നതെന്നും സജന കണ്ണീരോടെ പറഞ്ഞ് രംഗത്തെത്തിയിരുന്നു. ശേഷം മന്ത്രി കെകെ ശൈലജ ടീച്ചര്‍ സജനയെ വിളിക്കുകയും വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും അറിയിച്ച്
രംഗത്തെത്തിയിരുന്നു.

എന്നാൽ, സംരക്ഷണം നൽകുന്നതിന് പകരം സജനയെ പട്ടിണിക്കിടാനാണ് കൊച്ചി നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെ തീരുമാനം. വാർത്ത വന്ന് ഒരുമണിക്കൂറിനകം, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ വന്ന് കച്ചവടം പൂട്ടാൻ സജനയോട് ആവശ്യപ്പെട്ടു. മറ്റുവഴിയോര കച്ചവടക്കാരെ വിലക്കാതെ തന്നെ മാത്രം വിലക്കുന്നത് വിവേചനമെന്നാണ് സജന പറയുന്നത്. ഫുഡ് ആൻഡ് സേഫ്റ്റീടെ ലൈസൻസ് തനിക്കുണ്ടെന്നും അവർ പുതിയ ഫേസ്‌ബുക്ക് ലൈവിൽ പറയുന്നു.

‘ഹെൽത്തീന്നൊക്കെ ആൾക്കാര് വന്നിട്ടുണ്ട്. ഞങ്ങളോട് ഇവിടെ കച്ചവടം ചെയ്യേണ്ടെന്നാണ് സാറ് പറഞ്ഞത്. ഫുഡ് ആൻഡ് സേഫ്റ്റീടെ ലൈസൻസും ഉണ്ട്. ഈ സാറാണ് പറഞ്ഞിരിക്കുന്നത്. ഓഫീസിലേക്ക് ചെല്ലാനാണ് പറഞ്ഞിരിക്കുന്നത്. ഞാൻ എന്താണ് ചെയ്യേണ്ടത്? നിങ്ങൾ തീരുമാനിക്കുക. ജീവിക്കാനാണ് ഞാൻ ഈ തെരുവിൽ വന്ന് നിൽക്കുന്നത്. ഇതുപോലെ നിരവധി കച്ചവടക്കാർ ഇവിടെ കച്ചവടം ചെയ്യുന്നുണ്ട്. അതൊന്നും ഈ സാറിനൊന്നും പ്രശ്‌നമില്ല. ഞങ്ങളുടേത് മാത്രമാണ് പ്രശ്‌നം. ഞങ്ങൾ എന്താണ് ചെയ്യേണ്ടത്? നിങ്ങൾ തന്നെ പറയുക. ജീവിക്കാൻ വേറെ വഴിയില്ലാത്തോണ്ടാണ്. ഞങ്ങളൊക്കെ മരിക്കണോ …അതാണോ വേണ്ടത്? എല്ലാവരും കാണാൻ ആഗ്രഹിക്കുന്നത് അതാണോ?

വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തിയാണ് സജ്‌ന ഷാജി ജീവിക്കുന്നത്. ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ഫേസ്‌ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞതോടെയാണ് വിഷയം ശ്രദ്ധയിൽ പെട്ടത്. തങ്ങൾ തുടങ്ങിയ ബിരിയാണിക്കച്ചവടം ഒരു സംഘം തടയുകയാണെന്നും ജീവിക്കാൻ മറ്റു മാർഗമൊന്നുമില്ലെന്നുമാണ് എറണാകുളം സ്വദേശിയായ ഇവർ പറയുന്നത്. ആണും പെണ്ണും കെട്ടവരെന്ന് വിളിച്ച് ആക്ഷേപിച്ചതായും ഇവർ വീഡിയോയിൽ പറയുന്നു.

‘150 ബിരിയാണിയും 20 ഊണും കൊണ്ട് ഇവിടെ നിന്ന് പോയതാണ്. ആകെ വിറ്റത് 20 ബിരിയാണി മാത്രമാണ്. ജീവിക്കാൻ സമ്മതിക്കില്ലെങ്കിൽ പിന്നെ ഞങ്ങൾ എന്തു ചെയ്യാനാണ്? കുറച്ചു ദിവസമായി ഞങ്ങളെ ഉപദ്രവിക്കുകയാണ് ഓപ്പോസിറ്റ് നിൽക്കുന്നവർ. ഉണ്ടായിരുന്നതൊക്കെ വിറ്റും പെറുക്കിയും കുടുക്ക വരെ പൊട്ടിച്ചുമാണ് ഞങ്ങൾ ബിരിയാണി കച്ചവടം തുടങ്ങിയത്,’ സജന പറയുന്നു.

കൊച്ചി ഇരുമ്പനത്താണ് സജ്‌ന ബിരിയാണി വിൽപ്പന നടത്തുന്നത്. സമീപത്ത് കച്ചവടം നടത്തുന്നവർ ഇവരുമായി ബഹളം വെക്കുന്നതിന്റെ വീഡിയോയും ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ നിങ്ങളൊക്കെ ചോദിക്കുമല്ലോ ജോലി എടുത്ത് ജീവിച്ചൂടെ എന്ന്, അന്തസ്സായി ജോലി ചെയ്യാൻ നിങ്ങളൊക്കെ സമ്മതിക്കാതെ പിന്നെ ഞങ്ങളൊക്കെ എന്താണ് ചെയ്യേണ്ടത്?,’ സജന ഷാജി പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും കാര്യമുണ്ടായില്ലെന്നും തങ്ങൾക്ക് ബിരിയാണിക്കച്ചവടം നടത്താനാവുമോ എന്നാണ് പൊലീസ് ചോദിച്ചതെന്നും ഇവർ പറയുന്നു.

Exit mobile version