വിദേശപഴങ്ങളുടെ പറുദീസയായി പരിയാരം; മങ്കോസ്റ്റീനും റംബൂട്ടാനും വിളയിച്ച് ഇരട്ടിലാഭം നേടി കര്‍ഷകര്‍

തൃശൂര്‍: ജാതി, വാഴക്കൃഷിയില്‍ നിന്ന് വിദേശ പഴക്കൃഷിയിലേക്ക് മാറുകയാണ് ചാലക്കുടി പരിയാരത്തെ കര്‍ഷകര്‍. ഇന്തോനേഷ്യന്‍, മലേഷ്യന്‍ സ്വദേശികളായ മങ്കോസ്റ്റീനും റംബൂട്ടാനുമാണ് കൂട്ടത്തിലെ താരങ്ങള്‍. 100 മുതല്‍ 200 ഹെക്ടര്‍ വരെയാണ് നാളിതുവരെയുള്ള ജാതി, വാഴ, തെങ്ങ് കൃഷി. എന്നാല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ റംബൂട്ടാന്‍ 100 ഹെക്ടറും മങ്കോസ്റ്റിന്‍ 70 ഹെക്ടറുമായി കയറ്റുമതി ചെയ്യുന്നവര്‍ക്ക് ഏക്കര്‍കണക്കിന് തോട്ടവുമുണ്ട്.

പുരയിടങ്ങളിലുള്ള സ്ഥലത്ത് പഴക്കൃഷി ചെയ്യുന്നവരും ധാരാളമാണ്. അവ്ക്കഡോ, ഡ്രാഗണ്‍ കൃഷി ചെയ്യാന്‍ ഒരുങ്ങുന്നവരുമുണ്ട്. പരിയാരത്തെ 2,469 ഹെക്ടര്‍ കൃഷിഭൂമിയില്‍ മൂന്നിലൊന്ന് പഴക്കൃഷിയാണ്. ഇത് കൂടുതല്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാരും ആലോചിക്കുന്നുണ്ട്.

മികച്ച വരുമാനം, കുറഞ്ഞ ചെലവ്, കയറ്റുമതി സാദ്ധ്യത, സബ്സിഡി എന്നിവയാണ് കര്‍ഷകരെ വിദേശ പഴക്കൃഷിയിലേക്ക് ആകര്‍ഷിക്കുന്നത്. പ്രാദേശിക വില്‍പ്പനയ്ക്ക് പുറമെ കൊച്ചി, ആലുവ, മലപ്പുറം എന്നിവിടങ്ങളിലെ കച്ചവടക്കാരും പഴങ്ങള്‍ വാങ്ങുന്നുണ്ട്. തോട്ടം മൊത്തമായി വാങ്ങുന്നവരുമുണ്ട്. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് അതിരപ്പിള്ളി മേഖലയിലും വില്‍പ്പന നടത്തുന്നുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നല്ല ഡിമാന്‍ഡാണ്. ഡല്‍ഹി, മുംബയ്, ബംഗളൂരു, ഹൈദരാബാദ്, ഇന്‍ഡോര്‍, പൂനെ എന്നിവിടങ്ങളിലേക്കും കയറ്റി അയക്കുന്നു.

മേയ് അവസാനം മുതല്‍ ജൂലായ് വരെയാണ് സീസണ്‍. വര്‍ഷത്തില്‍ കയറ്റുമതി ഉള്‍പ്പെടെ ഏകദേശം 7.25 കോടിയുടെ കച്ചവടമുള്ളതായാണ് വിവരം. ചെറുതും വലുതുമായി 400 ഓളം കര്‍ഷകരുണ്ട്. ഒരേക്കറില്‍ അധികമുള്ളവര്‍ 150 ഓളം ലാഭമറിഞ്ഞാണ് കര്‍ഷകര്‍ പഴക്കൃഷിയിലേക്ക് വന്നത്. ചെറുതായി തുടങ്ങിയവരും കൃഷി വ്യാപിപ്പിച്ചു. അര ഏക്കറില്‍ നിന്ന് സീസണില്‍ മൂന്നു ലക്ഷം വരെ ലഭിക്കാം.

Exit mobile version