ഡല്‍ഹി വിടുന്നു; എകെ ആന്റണി ഇനി കേരളത്തില്‍ പ്രവര്‍ത്തിക്കും

പതിറ്റാണ്ടുകള്‍ നീണ്ട ദേശീയ രാഷ്ട്രീയം മതിയാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി ഡല്‍ഹി വിടുന്നു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എകെ ആന്റണി കേരളത്തിലേക്കുള്ള മടക്കം പ്രഖ്യാപിച്ചത്. വ്യാഴാഴ്ച ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് തിരിക്കുമെന്നും എകെ ആന്റണി പ്രതികരിച്ചു.

നെഹ്‌റു കുടുംബത്തിന് പ്രാമുഖ്യമില്ലാതെ കോണ്‍ഗ്രസ് ഇല്ല. നെഹ്‌റു കുടുംബം ഇല്ലാതെ രാജ്യത്ത് പ്രതിപക്ഷം ഇല്ല. നെഹ്‌റു കുടുംബം അനിവാര്യമാണ്. കോണ്‍ഗ്രസിന്റെ തിരിച്ചു വരവില്‍ പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍. ഭാവികാര്യങ്ങള്‍ നാട്ടിലെത്തി ആലോചിക്കും. അടുത്ത ആളുകളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഇത് സംബന്ധിച്ച മറ്റ് തീരുമാനങ്ങള്‍ ഉണ്ടാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രായം വേഗം കുറയ്ക്കും, പഴയ വേഗത്തില്‍ സഞ്ചരിക്കാനാവുന്നില്ല. എന്നാല്‍ പാര്‍ട്ടി അനുവദിക്കുന്നത് വരെ ഇന്ദിരാ ഭവനിലെ ഓഫീസ് മുറിയില്‍ താനുണ്ടാവും എന്നും ആന്റണി മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇന്ത്യന്‍ പ്രതിരോധമന്ത്രി, കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി, കേരള നിയമസഭയിലെ പ്രതിപക്ഷനേതാവ് എന്നീ നിലകളില്‍ മികവ് തെളിയിച്ച വ്യക്തിയാണ് എകെ ആന്റണി. കേരള നിയമസഭയിലെ പ്രതിപക്ഷനേതാവ് എന്നീ നിലകളിലും ആന്റണി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി കൂടിയായിരുന്നു എകെ ആന്റണി.

രാജ്യസഭാംഗമായി പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ചിട്ടുള്ള എ കെ ആന്റണിയുടെ കാലാവധി 2022 ഏപ്രില്‍ രണ്ടിന് അവസാനിച്ചിരുന്നു. പിന്നാലെയാണ് ഡല്‍ഹി വിടുന്നതായുള്ള ആന്റണിയുടെ പ്രഖ്യാപനം. നിലവില്‍ എഐസിസി അച്ചടക്ക സമിതിയുടെ അധ്യക്ഷന്‍ കൂടിയാണ് എകെ ആന്റണി.

 

Exit mobile version