പുതുപ്പള്ളി: തിരക്കില്ലാത്ത പുതുപ്പള്ളി എന്ന സ്വപ്നം യാഥാർഥ്യമാക്കുവാൻ കൊണ്ടുവന്ന പുതിയ ഗതാഗത പരിഷ്‌കാരത്തെക്കുറിച്ച് നാട്ടുകാർക്ക് സമ്മിശ്ര പ്രതികരണം. പുതിയ പരിഷ്‌കാരം വ്യാപാരികളെ ദോഷമായി ബാധിക്കുവാൻ സാധ്യതയുണ്ടന്നാണ് വ്യാപാരികൾ പറയുന്നത്.
പുതുപ്പള്ളിയിൽ വാഹനം പാർക്ക് ചെയ്യാൻ യാതൊരു സ്ഥലവുമില്ല. അതിനോടൊപ്പം പുതിയ പരിഷ്‌കാരങ്ങൾ കൂടിയായതോടെ ചെറുകിട വ്യാപാരികൾക്ക് കച്ചവടം പോലും ഇല്ലാതാകുമെന്ന് ആശങ്കയുണ്ട്.
പോലീസും, പുതുപ്പള്ളിക്ക് സമീപത്തെ സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുമാണ് ട്രാഫിക് നിയന്ത്രിക്കുന്നത്. ചങ്ങനാശ്ശേരി ഭാഗത്തുനിന്നുമുള്ള വാഹനങ്ങൾക്ക് മാങ്ങാനം പാലൂർപടിയിലെത്താൻ സഹായിക്കുന്ന കൊട്ടാരത്തിൽകടവ് അങ്ങാടി – പാലൂർപടി ബൈപാസ് റോഡ് പൂർണമായും തകർന്നു കിടക്കുകയാണ്.
മാധ്യമങ്ങളിൽ വ്യാപകമായി വാർത്തകൾ വന്നതിനെ തുടർന്ന് കുറച്ച് കല്ലുകൾ പാകിയിട്ടിരിക്കുന്നതല്ലാതെ യാതൊന്നും ഈ വഴിയുടെ കാര്യത്തിൽ അധികൃതർ ചെയ്തിട്ടില്ല. കേരള ധ്വനിയും ഈ വാർത്തകൾ പലതവണ റിപ്പോർട്ട് ചെയ്തിരുന്നതാണ്.
അതിനാൽ തന്നെ ഈ വഴി ഒഴിവാക്കി മിക്ക വാഹനങ്ങളും പുതുപ്പള്ളി കവല ചുറ്റിയാണ് കടന്നു പോകുന്നത്. ഗതാഗതക്കുരുക്കിന്റെ മൂലകാരണവും ഇത് തന്നെയാണെന്ന് പറയേണ്ടി വരും. നാട്ടുകാരുടെ പ്രതികരണം വീഡിയോ കാണാം …