സില്‍വര്‍ലൈന്‍ പദ്ധതിയില്‍ പുനരധിവാസ പാക്കേജായി; വീടുകള്‍ക്ക് നഷ്ടപരിഹാരത്തിനു പുറമെ നാലര ലക്ഷം രൂപ

 

അതിവേഗറയില്‍ പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജായി. വീട് നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരവും 4.60 ലക്ഷം രൂപയും നല്‍കും. അല്ലെങ്കില്‍ നഷ്ടപരിഹാരവും 1.60 ലക്ഷം രൂപയും ലൈഫ് മാതൃകയില്‍ വീടും നല്‍കും. വാസസ്ഥലം നഷ്ടപ്പെടുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതി ദരിദ്രര്‍ക്കും നഷ്ടപരിഹാരം നല്‍കും.

കാലിത്തൊഴുത്തുകള്‍ പൊളിച്ചു നീക്കിയാല്‍ 25000 മുതല്‍ 50000 രൂപ വരെ നല്‍കും. വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരവും 50,000 രൂപയും വാടക കെട്ടിടത്തിലെ വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയും നല്‍കും.

തൊഴില്‍ നഷ്ടപ്പെടുന്ന സ്വയം തൊഴില്‍ക്കാര്‍, ചെറുകിട കച്ചവടക്കാര്‍, കരകൗശല പണിക്കാര്‍ മുതലായവര്‍ക്ക് 50,000 രൂപയും പ്രത്യേക സഹായമായി നല്‍കും. ഒഴിപ്പിക്കപ്പെടുന്ന വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മാസം 6,000 രൂപ വീതം ആറ് മാസം നല്‍കും. പെട്ടിക്കടക്കാര്‍ക്ക് 25,000 രൂപ മുതല്‍ 50,000 രൂപവരെ സഹായമായി നല്‍കും. പുറമ്പോക്ക് ഭൂമിയിലെ താമസക്കാര്‍, അല്ലെങ്കില്‍ കച്ചവടം നടത്തുന്നവര്‍ക്ക് ആ ഭൂമിയിലെ കെട്ടിടങ്ങളുടെ വിലക്ക് പുറമേ 5000 രൂപവീതം ആറ് മാസം നല്‍കുന്ന പദ്ധതിയും പാക്കേജിന്റെ ഭാഗമായുണ്ട്.

മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത, മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും മാധ്യമ മേധാവികളും പൗരപ്രമുഖരും പങ്കെടുക്കുന്ന പരിപാടിയ്ക്ക് മുന്നോടിയായാണ് ലൈഫ് പുനരധിവാസ പാക്കേജ് പുറത്തു വിട്ടത്. ഭൂമിയും കെട്ടിടങ്ങളും നഷ്ടമാകുന്ന വാണിജ്യ സ്ഥാനപനങ്ങള്‍ക്കും, വാടകക്കാര്‍ക്കും പ്രത്യേകം തുക വിശദീകരിച്ചിട്ടുണ്ട്.

സില്‍വര്‍ ലൈന്‍ ബാധിക്കുന്ന പതിനൊന്ന് ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തിയാണ് വിശദീകരണ യോഗങ്ങള്‍ നടത്തുന്നത്. അടുത്താഴ്ച കൊച്ചിയിലും അതിടനടുത്ത ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും യോഗം ചേരും. പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിക്കും.

Exit mobile version