നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ പ്രോസിക്യൂഷനാണെന്ന് ദിലീപ് ആരോപിച്ചു. തുടരന്വേഷണത്തില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ അന്വേഷണം ബൈജു പൗലോസിനെ ഏല്‍പ്പിക്കരുതെന്നും ദിലീപ് വ്യക്തമാക്കി. ബൈജു പൗലോസിന്റെ ഫോണ്‍ കോളുകള്‍, വാട്സ് ആ്പ്പ് വിവരങ്ങള്‍ എന്നിവ പരിശോധിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
സംസ്ഥാന പോലീസ് മേധാവിയ്ക്കും വിജിലന്‍സ് ഡയറക്ടര്‍, ക്രൈം ബ്രാഞ്ച് എഡിജിപി എന്നിവര്‍ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. കേസ് അട്ടിമറിക്കാനാണ് ബാലചന്ദ്രകുമാറിന്റെ അഭിമുഖം വഴി ശ്രമിക്കുന്നതെന്നും ദിലീപിന്റെ പരാതിയില്‍ പറയുന്നു.
നേരത്തെ, കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറും രാജിവെച്ചതില്‍ ആശങ്കയുണ്ടെന്ന് നടി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പോലീസും കേസില്‍ തുടരന്വേഷണത്തിനായുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുകയാണ്.
