ട്രെയിനില്‍ യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ച സംഭവം; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

മാവേലി എക്സ്പ്രസില്‍ യുവാവിനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസിപിക്കാണ് കേസിന്റെ അന്വേഷണ ചുമതല. റെയില്‍വേ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ക്ക് ടിടിഇ കുഞ്ഞഹമ്മദ് റിപ്പോര്‍ട്ട് കൈമാറി. പൊലീസ് ഇടപെട്ടത് യാത്രക്കാരായ സ്ത്രീകളുടെ പരാതിയെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാരന്‍ മദ്യപിച്ചിരുന്നെന്നും ട്രെയിനില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ഒരു സ്ത്രീ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യാത്രക്കാരന്‍ മദ്യപിച്ചെന്ന് പൊലീസും ആരോപിച്ചു.

സ്ലീപ്പര്‍ ടിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാവേലി എക്‌സ്പ്രസില്‍ വെച്ച് യാത്രക്കാരെ ബൂട്ടിട്ട് പൊലീസ് ചവിട്ടിയത്. മര്‍ദന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

മര്‍ദനത്തിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതില്‍ക്കലേക്ക് യാത്രക്കാരനെ ചവിട്ടി മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ പുറത്തായതോടെ മോശമായി പെരുമാറിയിട്ടില്ലെന്ന വിശദീകരണവുമായി എഎസ്‌ഐ പ്രമോദ് രംഗത്തെത്തി.

 

Exit mobile version