ഒമിക്രോണ്‍ ഭീഷണി നില്ക്കുമ്പോള്‍ പുതുവത്സരാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് സര്‍ക്കാര്‍; വ്യാഴാഴ്ച രാത്രിമുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം: ഒമിക്രോണ്‍ ഭീഷണി നില്ക്കുമ്പോള്‍ പുതുവത്സരാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് സര്‍ക്കാര്‍. വ്യാഴാഴ്ച രാത്രിമുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. രാത്രി 10 മുതല്‍ പുലര്‍ച്ച അഞ്ചുവരെ ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും നിരോധിച്ച് ഉത്തരവിറങ്ങി.

മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും. പുതുവത്സരാഘോഷങ്ങള്‍ ഒമിക്രോണ്‍ വ്യാപനത്തിന് കാരണമാകാതിരിക്കാനാണ് കടുത്ത നിയന്ത്രണം. 30 മുതല്‍ നാലു ദിവസം പൊലീസ് പരിശോധന കര്‍ശനമാക്കും. രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ അത്യാവശ്യയാത്രകള്‍ മാത്രമേ പാടുളളു. വ്യാപാര സ്ഥാപനങ്ങളെല്ലാം 10 ന് അടയ്ക്കണം.

പുതുവത്സര രാത്രിയിലും ആഘോഷങ്ങള്‍ രാത്രി 10 മണിവരെ മാത്രം. ബാറുകള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ക്ളബുകള്‍ , ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ബീച്ചുകള്‍, മാളുകള്‍ , പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടമൊഴിവാക്കാന്‍ പൊലീസിനെ വിന്യസിക്കും.

ഇന്‍ഡോര്‍ വേദികളില്‍ വായു സഞ്ചാരം സംഘാടകര്‍ ഉറപ്പാക്കണം. മാസ്ക് ഉപയോഗിക്കാത്തവരില്‍ നിന്ന് കനത്ത പിഴ ഈടാക്കും. ഒമിക്രോണ്‍ കേസുകള്‍ കൂടുതലുളള തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ജനിതക പരിശോധന കൂട്ടും.

ജനുവരി അവസാനത്തോടെ കോവിഡ് കേസുകളും അതില്‍ത്തന്നെ ഒമിക്രോണ്‍ വകഭേദവും ഉയരാനുളള സാധ്യത കണക്കിലെടുത്താണ് പുതുവത്സരാഘോഷങ്ങള്‍ പരിമിതപ്പെടുത്തുന്നത്. പേരില്‍ കര്‍ഫ്യൂ ഇല്ലെങ്കിലും സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ് നിര്‍ദേശം.

Exit mobile version