മൂന്നാറിലേക്ക് ആനവണ്ടിയിലൊരു യാത്ര; കൊല്ലത്തു നിന്നും സുബൈദ ടീച്ചര്‍ മലപ്പുറത്തെത്തി

മലപ്പുറം: മലപ്പുറത്തു നിന്നും മൂന്നാറിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്ക് ആരാധകരേറുകയാണ്. അതേസമയം, കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്രയില്‍ പങ്കുചേരാന്‍ പുനലൂരില്‍ നിന്നും മലപ്പുറത്തെത്തിയിരിക്കുകയാണ് സുബൈദ ടീച്ചര്‍.

ഈ ബസിലൊന്നു കയറുക, മൂന്നാര്‍ വരെ തനിച്ച് യാത്ര ചെയ്യുക എന്ന ഒറ്റ ലക്ഷ്യവുമായാണ് പുനലൂര്‍ ഗേള്‍സ് സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപികയായി വിരമിച്ച ടീച്ചര്‍ കിലോമീറ്ററുകള്‍ താണ്ടി മലപ്പുറത്ത് എത്തിയത്. തിങ്കളാഴ്ച മൂന്നാറിലേക്ക് പുറപ്പെട്ട ബസിലാണ് സുബൈദ ടീച്ചറും യാത്ര പോയത്.

മൂന്നാറിലേക്ക് സര്‍വീസ് തുടങ്ങിയ പുതിയ കെഎസ്ആര്‍ടിസി ബസിനെ കുറിച്ച്
സുഹൃത്തുക്കളുടെ വാട്‌സ് ആപ് ഗ്രൂപ്പു വഴിയാണ് അറിഞ്ഞത്. പുനലൂരില്‍ നിന്ന് കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ ശനിയാഴ്ച വൈകുന്നേരത്തോടെ എത്തി. അവിടെ നിന്ന് രാത്രി നിലമ്പൂരിലേക്കുള്ള രാജ്യറാണി എക്‌സ്പ്രസില്‍ കയറി. ഞായറാഴ്ച പുലര്‍ച്ചെ അങ്ങാടിപ്പുറത്തിറങ്ങി, 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിഎഡിന് കൂടെയുണ്ടായിരുന്ന സഹപാഠിയുടെ വീട്ടില്‍ വിശ്രമിച്ച്, തിങ്കളാഴ്ച രാവിലെ നേരെ മലപ്പുറം ഡിപ്പോയിലേക്ക്.

ആനവണ്ടിയെ ഇത്രമേല്‍ ഇഷ്ടമായ യാത്രക്കാരിയെ കണ്ടപ്പോള്‍ എ.ടി.ഒക്കും കൗതുകം. 2015ല്‍ വിരമിച്ചെങ്കിലും തനിച്ച് യാത്ര ചെയ്യുക എന്ന ആഗ്രഹം കാര്യമായി നടന്നിരുന്നില്ല. നാലു മക്കളില്‍ മൂന്ന് പെണ്‍കുട്ടികളും വിവാഹിതരായി. മകന്‍ ബിരുദ വിദ്യാര്‍ഥിയാണ്. ഇനിയങ്ങോട്ട് യാത്രകള്‍ക്ക് കൂടിയുള്ളതാണ്. കാണാത്ത നാടുകളും കാഴ്ചകളും തേടിയുള്ള യാത്ര.
തിങ്കളാഴ്ച മലപ്പുറത്ത് നിന്ന് പുറപ്പെട്ട രണ്ട് മൂന്നാര്‍ ബസുകളും നിറയെ യാത്രക്കാരുമായാണ് പോയത്. ദിവസം ഒരു സര്‍വീസ് എന്ന ലക്ഷ്യവുമായി തുടങ്ങിയ സര്‍വീസ് ഇപ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രണ്ട് ബസുകള്‍ എന്നായി. കെഎസ്ആര്‍ടിസി നല്‍കുന്ന താമസ സൗകര്യവും ഒരു ദിവസത്തെ കാഴ്ച കാണലും അടങ്ങുന്നതാണ് ട്രിപ്പ്.

Exit mobile version