പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമല്ലെന്ന സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. പ്രധാനമന്ത്രി ജനങ്ങളെ ബഹുമാനിച്ചാല്‍ ജനങ്ങളും തിരിച്ച് ബഹുമാനം തരും. അങ്ങനെ ഒരു ഇടമുണ്ടാവുമ്പോള്‍ മാത്രമാണ് ജനാധിപത്യം പൂര്‍ണ്ണമാവുകയുള്ളു എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.
ഹരീഷ് പേരടിയുടെ കുറിപ്പ്:
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പോലിസും എല്ലാ ഭരണ സംവിധാനങ്ങളും ജനങ്ങളെ ബഹുമാനിച്ച് അവരുടെ തൊഴിലാളികളാവുമ്പോള്‍ ജനങ്ങളും തിരിച്ച് ബഹുമാനം തരും..അങ്ങിനെ ഒരു ഇടമുണ്ടാവുമ്പോള്‍ മാത്രമേ ജനാധിപത്യം പൂര്‍ണ്ണമാവു…ഇത്..ഞങ്ങള്‍ എല്ലാം പണം കൊടുത്തുവാങ്ങുകയും ആ നികുതിയില്‍ നിങ്ങള്‍ക്ക് എല്ലാം സൗജന്യമായി ലഭിച്ച് ജീവിക്കുകയും ചെയ്യുമ്പോള്‍ ഏത് പാര്‍ട്ടി ഭരിച്ചാലും അത് ജനാധിപത്യമാവില്ല…ജീവിക്കാന്‍ വേണ്ടി നിവൃത്തിയില്ലാത്തതുകൊണ്ട് ഉള്ളതില്‍ നല്ല തൊമ്മനെന്ന് തോന്നുന്നവരെ ഞങ്ങള്‍ പിന്‍ന്തുണച്ചുകൊണ്ടിരിക്കും. അതുകൊണ്ട് നിങ്ങള്‍ അഹങ്കരിക്കണ്ട. അത് ഈ വ്യവസ്ഥിതിയുടെ ഗതികേട്. അത്രയേയുള്ളു. ഞങ്ങളിപ്പോഴും ജനാധിപത്യത്തെ സ്വപ്നം കാണുന്നു. അതിനുള്ള അവകാശമെങ്കിലും ഞങ്ങള്‍ക്കുണ്ടല്ലോ
പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവയ്‌ക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റം അടക്കമുള്ള കേസുകളാണ് സുപ്രീംകോടതി റദ്ദു ചെയ്തത്. മാധ്യമപ്രവര്‍ത്തകരുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും കോടതി വിധി പ്രസ്ഥാവത്തില്‍ പറഞ്ഞു.
രാജ്യദ്രോഹത്തിന്റെ പരിധി നിശ്ചയിക്കുന്ന 1962ലെ കേദാര്‍നാഥ് സിംങ് വിധി ചൂണ്ടിക്കാട്ടിയാണ് കോടതി ദുവയ്‌ക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കിയത്. ഹിമാചല്‍പ്രദേശിലെ ഒരു പ്രദേശിക ബിജെപി നേതാവാണ് മാധ്യമപ്രവര്‍ത്തകനായ വിനോദ് ദുവ പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തീകരമായ വസ്തുതകള്‍ യൂ ട്യൂബില്‍ നല്കിയെന്നോരോപിച്ച് പരാതി നല്കിയത്. തുടര്‍ന്ന് ഹിമാചല്‍ സര്‍ക്കാര്‍ പരാതിയില്‍ അന്വോഷണവുമായി മുന്നോട്ടുപോവുകയായിരുന്നു.
കഴിഞ്ഞ മെയ് മാസത്തിലാണ് വിനോദ് ദുവക്കെതിരെ രാജ്യദ്രോഹം, പൊതുശല്ല്യം, അപകീര്‍ത്തിപ്പെടുത്തുന്ന വസ്തുതകള്‍ പ്രസിദ്ധീകരിക്കല്‍ തുടങ്ങിയ കുറ്റങ്ങളില്‍ പരാതി നല്കിയത്. പ്രദേശിക ബി ജെ പി പ്രവര്‍ത്തകനായ ശ്യാം ആണ് ഷിംലയിലെ കുമാരിസെന്‍ പോലീസ് സ്റ്റേഷനില്‍ ദുവയ്‌ക്കെതിരെ പരാതി നല്കിയത്. തുടര്‍ന്ന് അന്വോഷണവുമായി മുന്നോട്ടുപോയ ഹിമാചല്‍ പോലീസിന്റെ നടപടി റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് വിനോദ് ദുവ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞവര്‍ഷം ജൂലായില്‍ വിനോദ് ദുവക്കെതിരെ നിര്‍ബന്ധിത നടപടികളൊന്നും കൈക്കൊള്ളരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരെ വിനോദ് ദുവ നടത്തിയ യൂ ട്യൂബ് പ്രോഗ്രാമാണ് ബി ജെ പി നേതാവിനെ ചൊടിപ്പിച്ചത്. പ്രോഗ്രാമില്‍ പ്രധാനമന്ത്രിക്കെതിരെ വിനോദ് ദുവ ചില ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.
അതേസമയം, പത്തുവര്‍ഷംവരെ എക്‌സ്പീരിയന്‍സുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ കൊണ്ട്വരണമെന്ന
വിനോദ് ദുവയുടെ ആവശ്യം കോടതി നിരാകരിച്ചു.
