കര്‍ഷക സമരം: പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. മൂന്ന് ബില്ലുകളുടേയും പേര് മാറ്റാമെന്നാണ് കേന്ദ്രം മുന്നോട്ടുവയ്ക്കാന്‍ ഉദ്ദേശിക്കുന്ന ഒരു നിര്‍ദേശം. ഇതോടൊപ്പം കാര്‍ഷിക ബില്ലില്‍ ചില ഭേദഗതികള്‍ വരുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഈ നിര്‍ദേശങ്ങള്‍ ഉടന്‍ കര്‍ഷകര്‍ക്ക് മുന്നില്‍ വയ്ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

അതേസമയം, കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം 20 ദിവസം പിന്നിടുകയാണ്. സിംഗുവിന് പുറമേ രാജസ്ഥാനിലെ ഷാജഹാന്‍പുര്‍, ഹരിയാനയിലെ പല്‍വല്‍ എന്നിവിടങ്ങളില്‍ സമരം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. അതേസമയം കര്‍ഷകര്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് ഹരിയാന അതിര്‍ത്തിയിലേയ്ക്ക് എത്തുന്നത്. അറുപതിനായിരത്തിലധികം ആളുകള്‍ നിലിവില്‍ അതിര്‍ത്തിയിലുണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമല്ലെന്നും ഹരിയാന പൊലീസ് പറഞ്ഞു.

പഞ്ചാബിന് പുറമെ ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരിക്കണക്കിന് ആളുകളാണ് ദിവസേന അതിര്‍ത്തിയില്‍ എത്തിച്ചേരുന്നത്. കര്‍ഷക പ്രക്ഷോഭം മറികടക്കാന്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് ഹരിയാനയില്‍ വിന്യസിച്ചിരിക്കുന്നത്.

 

Exit mobile version