കാറിൽ കെട്ടി വലിച്ച് സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ ഇവൾ ഇനി അബാക്ക എന്ന് അറിയപ്പെടും; ഇന്ത്യയിലെ ആദ്യ വനിതാ സ്വാതന്ത്ര സമര സേനാനിയാണ് അബാക്കയെന്ന് ദയയുടെ പ്രവർത്തകർ ; വീഡിയോ കാണാം

കൊച്ചി: കാറിൽ കെട്ടി വലിച്ച്  സ്വാന്ത്ര്യത്തിനുവേണ്ടി ശ്രമിച്ച ആ നായ ഇനി അബാക്ക എന്ന പേരിൽ അറിയപ്പെടും. ഇന്നലെ ഉടമയുടെ ക്രൂരതയിൽനിന്ന് രക്ഷിക്കപ്പെട്ട പെൺനായ ഇപ്പോൾ മൃഗക്ഷേമ സംഘടനയായ ‘ദയ’യുടെ സംരക്ഷണത്തിലാണ്. ദയയുടെ പ്രവർത്തകരാണ് നായയ്ക്ക് അബാക്ക എന്ന പേരിട്ടത്. ആദ്യ വനിതാ സ്വാതന്ത്ര്യസമര പോരാളിയാണ് അബാക്കയെന്ന് ദയയുടെ പ്രവർത്തകർ പറയുന്നു.

ഇന്നലെ വെറ്ററിനറി ഡോക്ടറുടെ  നിരീക്ഷണത്തിനുശേഷമാണ് അബാക്കയെ ദയയുടെ സംരക്ഷണകേന്ദ്രത്തിലാക്കിയത്. ഇന്ന് വിശദമായ പരിശോധനയ്ക്ക്  തൃപ്പൂണിത്തുറയിലുള്ള ക്ലിനിക്കിൽ എത്തിച്ചു. കാലുകളിൽ ചെറിയ പരിക്കുകളേയുള്ളൂ എങ്കിലും ആന്റിബയോട്ടിക് ചികിത്സ ആരംഭിക്കുകയാണെന്നും ഡോക്ടർ പറഞ്ഞു.

7 മുതൽ 10 ദിവസം വരെയെങ്കിലും ആന്റിബയോട്ടിക് ചികിത്സ നൽകേണ്ടിവരും. ടാറിൽ ഉരഞ്ഞതിനാലാവണം കാലിന്റെ പാദങ്ങളിലെ തൊലി പോയിട്ടുണ്ട്. പരിക്കുകൾ കൂടാതെ ചർമ രോഗവും നായയ്ക്കുണ്ട്. ഇന്നലെയുണ്ടായ സംഭവത്തെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ മാറിയശേഷം ചർമരോഗത്തിനുള്ള ചികിത്സ നൽകാനാണ് തീരുമാനം.

ഇന്നലെ പേടിയുണ്ടായിരുന്നെങ്കിലും ഇന്ന് രാവിലെ മുതൽ അബാക്ക നല്ല രീതിയിൽ ഭക്ഷണം കഴിച്ചുതുടങ്ങിയതായാണ് ദയയിൽനിന്നുള്ള വിവരം. ഇനി അബാക്കയ്ക്ക് ഭയമില്ലാതെ ജീവിക്കാം.

Exit mobile version