സോളാര്‍ കേസുമായി ബന്ധപ്പെട്ട് സത്യം ഇനിയും പുറത്തുവരാനുണ്ട്: ഉമ്മന്‍ചാണ്ടി

സോളര്‍ കേസില്‍ ഇനിയും യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഇന്നല്ലെങ്കില്‍ നാളെ എല്ലാം പുറത്തുവരും. സമീപ ദിവസങ്ങളില്‍ ഇത് സംഭവിക്കും. താനായി ഒന്നും പറയുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പലതും പുറത്തുപറഞ്ഞാല്‍ വേദനിക്കുന്ന ചിലരുണ്ടാകും. പാര്‍ട്ടിയില്‍പ്പെട്ടവരാരും തനിക്കെതിരെ പ്രവര്‍ത്തിക്കില്ലെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശം പുറത്തുവിടില്ല. മറ്റ് പലര്‍ക്കും അത് വേദനയുണ്ടാക്കും. ശരണ്യ മനോജിന്റെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വേണോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

വേട്ടയാടപ്പെടുന്ന സമയത്തും നാളെ എല്ലാം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ഉണ്ടായിരുന്നത്. ആ വിശ്വാസത്തിലാണ് ഇതുവരെ നിന്നത്. പുറത്തുവരുന്ന കാര്യങ്ങളില്‍ പുതുമയുണ്ടെന്ന് കരുതുന്നില്ല. യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരുമ്പോള്‍ അമിതമായി ആഹ്ളാദിക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Exit mobile version