ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം; ഡല്‍ഹിയില്‍ അതിര്‍ത്തികളടച്ചു

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം. ഇന്നലെ അര്‍ധരാത്രി 12 മുതല്‍ ഇന്ന് രാത്രി 12 വരെ നടക്കുന്ന പണിമുടക്കില്‍ 10 ദേശീയ സംഘടനയ്ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും അണിചേരും. സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങള്‍ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

തൊഴില്‍ കോഡ് പിന്‍വലിക്കുക, കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കുക, എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നല്‍കുക, ആവശ്യക്കാരായ എല്ലാവര്‍ക്കും 10 കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കര്‍ഷക സംഘടനകളുടെ ഡല്‍ഹി മാര്‍ച്ചിന് ഡല്‍ഹി പൊലീസ് പ്രവേശനാനുമതി നിഷേധിച്ചിട്ടുണ്ട്. കര്‍ഷക മാര്‍ച്ച് തടയാന്‍ കേന്ദ്രം ഡല്‍ഹിയിലെ അഞ്ച് അതിര്‍ത്തികളും അടച്ചു. റോഡുകള്‍ മണ്ണിട്ട് അടയ്ക്കാനായി മണ്ണ് നിറച്ച ലോറികള്‍ അതിര്‍ത്തിയിലെത്തി. മെട്രോ സര്‍വീസുകള്‍ നഗരപരിധിയിയില്‍ അവസാനിപ്പിക്കുകയാണ്.

10 ദേശീയ സംഘടനകളും ബാങ്കിങ്, ഇന്‍ഷുറന്‍സ്, റെയില്‍വേ, കേന്ദ്ര- സംസ്ഥാന ജീവനക്കാര്‍ എന്നിവരുടേതുള്‍പ്പെടെയുള്ള സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ഓഫിസുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ടൂറിസം മേഖല, പാല്‍ പത്ര വിതരണം, ആശുപത്രി എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും പണിമുടക്ക് ബാധിക്കില്ല.

 

Exit mobile version