ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ദേശീയ പണിമുടക്ക് നടക്കും. പത്ത് ദേശീയ സംഘടനയ്ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും പണിമുടക്കില്‍ അണിചേരും. സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങള്‍ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. വ്യാപാരമേഖലയിലെ തൊഴിലാളികളും പണിമുടക്കില്‍ അണിചേരുന്നതിനാല്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും.
കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്ക്. തൊഴില്‍ കോഡ് പിന്‍വലിക്കുക, ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നല്‍കുക, ആവശ്യക്കാരായ എല്ലാവര്‍ക്കും 10 കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി നല്‍കുക, കാര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. 10 ദേശീയ സംഘടനകളും ബാങ്കിങ്, ഇന്‍ഷുറന്‍സ്, റെയില്‍വേ, കേന്ദ്ര- സംസ്ഥാന ജീവനക്കാര്‍ എന്നിവരുടേതുള്‍പ്പെടെയുള്ള സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും.
ടൂറിസം മേഖല, പാല്‍ പത്ര വിതരണം, ആശുപത്രി എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും ബാധിക്കില്ല.
