സോഷ്യൽ മീഡിയ അധിക്ഷേപങ്ങളിൽ വാറന്റ് ഇല്ലാതെ പൊലീസിന് കേസെടുക്കാം. പൗരാവകാശങ്ങൾ ഇല്ലാതാക്കിയാണോ സൈബർ അധിക്ഷേപത്തിന് പരിഹാരം തേടുന്നത് ?

തിരുവനന്തപുരം:  സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ട് സർക്കാർ കൊണ്ടുവന്ന പൊലീസ് ആക്ട് ഭേദഗതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. നിലവിലുള്ള പൊലീസ് ആക്ടില്‍ 118എ എന്ന വകുപ്പാണ് കൂട്ടിച്ചേർത്തത്.

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്.

2000ലെ ഐടി ആക്ടിലെ 66എ വകുപ്പും 2011ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നു കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമ വ്യവസ്ഥകളൊന്നും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പൊലീസിന് കഴിയാത്ത സാഹചര്യമുണ്ടെന്നു സർക്കാർ വിലയിരുത്തുന്നു.

സുപ്രീംകോടതി വിധി മറികടക്കാനുള്ള നിയമ ഭേദഗതി അംഗീകരിക്കുരുതെന്ന് ആവശ്യപ്പെട്ട് നിരവധി പ്രമുഖർ ഗവർണറെ കണ്ടിരുന്നു. ഒപ്പിടാൻ ഗവർണർ വൈകിയത് സർക്കാരിനും ആശങ്ക ഉണ്ടാക്കിയിരുന്നു.

നിങ്ങള്‍ സമൂഹമാധ്യമത്തിലൂടെ, ഒരു വ്യക്തിക്കെതിരെ അപകീര്‍ത്തികരമായ ആരോപണമോ അഭിപ്രായ പ്രകടനമോ നടത്തുന്നു എന്നു കരുതുക. ഇതിനെതിരെ പരാതിക്കാരില്ലെങ്കില്‍ പോലും പൊലീസിന് നേരിട്ട് കേസെടുത്ത് പരമാവധി അഞ്ച് വര്‍ഷം വരെ തടവോ , പതിനായിരം രൂപവരെ പിഴയും ഒടുക്കേണ്ട ശിക്ഷയാക്കുന്ന ഓഡിനന്‍സാണ് ഇത്.

രണ്ട് വ്യക്തികള്‍ തമ്മില്‍ പരദൂഷണം പറഞ്ഞാല്‍ പോലും അവര്‍ നടത്തിയത് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിക്കാന്‍ പ്രാപ്തമായ കുറ്റകൃത്യമാക്കുകയാണ് പൊലീസ് ആക്ട് ഭേദഗതിയെന്നാണ് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ പറയുന്നത്.

വാട്സാപ്പിലൂടെ നാം അയക്കുന്ന മെസ്സേജോ, എസ് എം എസ്സോ, ഇ മെയിലോ , ഫെസ്ബൂക് പോസ്റ്റോ എന്നിവയിലേതെങ്കിലും ഒന്നിന് അധിക്ഷേപ ചുവയുണ്ടങ്കിൽ പൊലീസിന് കേസെടുക്കാം, അറസ്റ്റ് ചെയ്യാൻ ഈ നിയമം മൂലം സാധിക്കും

ഒരു വ്യക്തിയെ അപമാനിക്കാനോ, അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപവരെ പിഴയോ വിധിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പൊലീസ് ആക്ടിലെ ഭേദഗതി.

ഇത് ഒരു കോഗ്നിസബിള്‍ കുറ്റമാക്കിമാറ്റുന്നു എന്നിടത്താണ് അപകടം പതിയിരിക്കുന്നത്. കൊഗ്നിസബിള്‍ കുറ്റമെന്നാല്‍ ഒരു പൊലീസ് ഓഫീസര്‍ക്ക് ഇത്തരത്തിലൊരു കുറ്റം കണ്ടാല്‍ വാറന്റില്ലാതെ തന്നെ മജിസ്‌ട്രേറ്റ് അനുമതി വാങ്ങാതെ കുറ്റാരോപിതനായ വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ സാധിക്കും.

സമൂഹമാധ്യമങ്ങള്‍ക്ക് മാത്രമല്ല പേപ്പർ പത്രം, ദൃശ്യമാധ്യമങ്ങൾ എന്നിവയ്‌ക്കെല്ലാം പുതിയ നിയമം ബാധകമാകുമെന്ന് പറയപ്പെടുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വ്യക്തികളുടെ അവകാശത്തിനു മേല്‍ കടന്നു കയറുന്നതാണ് പ്രസ്തുത ഭേദഗതിയെന്നും നിയമവിദ്ഗദര്‍ ചൂണ്ടിക്കാണിക്കുന്നു.

സൈബര്‍ ഇടങ്ങളിലെ അധിക്ഷേപത്തിന് പൊലീസ് വിചാരിച്ചാല്‍ നിലവിലുള്ള നിയമപ്രകാരം തന്നെ ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുവാൻ പൊലീസിന് കഴിയും. പക്ഷെ കോടതിയുടെ വാറന്റ് വേണം.

എന്നാല്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ സൈബര്‍ ഓഡിനന്‍സ് പൊലീസ് രാജിലേക്കാണ് വഴിവെക്കുകയെന്നും അഭിപ്രായസ്വാതന്ത്ര്യത്തെ ഇത് കൂച്ചുവിലങ്ങിടുമെന്നും അഭിപ്രായം ഉയരുന്നുണ്ട് .

Exit mobile version