കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റില്ല. സർക്കാരിന്റേയും നടിയുടേയും ഹർജികൾ ഹൈക്കോടതി തള്ളി. ഇതോടെ നടിയെ ആക്രമിച്ച കേസിൽ വിചാരണയും തുടരും. തിങ്കളാഴ്ച മുതൽ വിചാരണ തുടരാനും നിർദ്ദേശിച്ചു. പ്രോസിക്യൂഷനും ജഡ്ജിയും ഒരുമിച്ച് പോയാലെ നീതി നടപ്പാക്കൂവെന്നും സിംഗിൾ ബഞ്ച് നിരീക്ഷിച്ചു. വിചാരണ കോടതി മാറ്റാൻ ആവശ്യമായ കാരണമൊന്നും ബോധിപ്പിക്കാൻ പറ്റിയില്ലെന്നും ഹൈക്കോടതി നിലപാട് എടുത്തു. അപ്പീൽ നൽകാൻ വിചാരണയ്ക്ക് സ്റ്റേ നൽകണമെന്ന ആവശ്യവും ഹൈക്കോടതി സിംഗിൾ ബഞ്ച് അംഗീകരിച്ചില്ല.
വിചാരണ കോടതിക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് അക്രമണത്തിനിരയായ നടിയും സർക്കാരും ഉന്നയിച്ചത്. പ്രതിഭാഗം കോടതി മുറിയിൽവെച്ച് മാനസികമായി പീഡിപ്പിച്ചപ്പോൾ ജഡ്ജി ഇടപെട്ടില്ലെന്നും പരസ്യമായി താൻ കോടതിയിൽ പൊട്ടിക്കരഞ്ഞുവെന്നും നടി ഹർജിയിൽ പറഞ്ഞിരുന്നു. പ്രതിഭാഗത്തെ 20-ഓളം അഭിഭാഷകർ കോടതിമുറിയിൽ വെച്ച് മാനസികമായി തേജോവധം ചെയ്യുന്നുവെന്നാണ് നടി പരാതി നൽകിയത്. പ്രധാനപ്പെട്ട പല മൊഴികളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആരോപണവും ഹർജിയിലുണ്ടായിരുന്നു. നടിയുടെ പരാതി പിന്തുണച്ച സർക്കാരും കേസിൽ രഹസ്യവിചാരണയെന്ന നിർദ്ദേശം അട്ടിമറിക്കപ്പെട്ടെന്ന് വ്യക്തമാക്കിയിരുന്നു.
