കോട്ടയം: കഴിഞ്ഞ പത്തു വർഷമായി ജനപ്രതിനിധിയായി കോൺഗ്രസ്സ് പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്ന വിനോദ് പെരിഞ്ചേരിക്ക് സീറ്റ് നൽകാതെ കോൺഗ്രസ്സ് നേതൃത്വം. പാർട്ടിയിലെ തമ്മിലടിയും, കാലുവാരലും ഇത്തവണ താഴേക്കിടയിലെ പ്രവർത്തകരെ പോലും ഏതു തരത്തിൽ ബാധിക്കുമെന്ന് വ്യക്തമല്ല. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ഇതെങ്ങനെ പ്രതിഫലിക്കും എന്ന് ഉറ്റു നോക്കുകയാണ് പ്രവർത്തകർ.
ചെറുപ്പം മുതലേ കെ എസ് യു, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനായി കടന്നുവരികയും, കഴിഞ്ഞ പത്തു വർഷമായി ജനപ്രതിനിധിയായി പ്രവർത്തിക്കുകയും ചെയ്ത വ്യക്തിത്വമാണ് വിനോദ് പെരിഞ്ചേരിയുടേത്. പ്രവർത്തന കാലയളവിൽ നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുകയും, സാമൂഹ്യ സാംസ്‌കാരിക മേഖലകളുടെ വികസനവുമായി ബന്ധപ്പെട്ട് വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയുമാണ് വിനോദ്.
കോട്ടയം വിജയപുരം മാങ്ങാനം സ്വദേശിയായ വിനോദ് പെരിഞ്ചേരി മുൻ പള്ളം ബ്ലോക്ക് ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആയി പ്രവർത്തിച്ചു വരികയായിരുന്നു.
ഇത്തവണത്തെ ഇലക്ഷനിൽ നിന്നും മാറി നില്ക്കാൻ കോൺഗ്രസ്സ് നേതൃത്വം വിനോദ് പെരിഞ്ചേരിയോട് ആവശ്യപ്പെട്ടതായാണ് അറിയുവാൻ കഴിയുന്നത്. ഏതെങ്കിലും അഴിമതി, സ്വാർത്ഥ താൽപര്യക്കാരുടെ സമ്മർദത്തിന് വഴങ്ങിയാണോ ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളുന്നതെന്ന് പാർട്ടി നേതൃത്വം പരിശോധിക്കേണ്ടത് ആവശ്യമാണ് .
നാലു തവണ മത്സരിച്ചവർ ഇത്തവണ മത്സരരംഗത്തുനിന്നും മാറി നിൽക്കണമെന്ന കെ പി സി സി നിർദേശം മറി കടന്നാണ് ഇത്തരത്തിലൊരു തീരുമാനം ഉണ്ടായതെന്നും ആരോപണമുണ്ട്. കൂടാതെ വാർഡ് കമ്മറ്റിയിൽ നിന്നും പേര് പോകാത്തവരെ യാതൊരു കാരണവശാലും മത്സരരംഗത്ത് നിർത്തരുതെന്ന നിർദേശവും പാലിക്കപ്പെട്ടില്ലെന്നാണ് സൂചനകൾ ലഭിക്കുന്നത്.
കേരള കോൺഗ്രസ്സ് ഇടതു മുന്നണിയിലേക്ക് ചേക്കേറിയത് മൂലം കോൺഗ്രസ്സ് പാർട്ടിക്ക് സംഭവിച്ചിരിക്കുന്ന ക്ഷീണം ചെറുതൊന്നുമല്ല. പ്രത്യേകിച്ച് കേരള കോൺഗ്രസ്സിന്റെ കോട്ടയായ കോട്ടയം ജില്ലയിൽ ഇത് എങ്ങനെ പ്രതിഫലിക്കുമെന്ന് വ്യക്തമല്ല …
അതോടൊപ്പം തന്നെ ഇത്തരത്തിൽ പാർട്ടിക്ക് വേണ്ടി ചോരയും നീരും പാഴാക്കിയവർക്ക് സീറ്റ് നല്കാതെയുള്ള സമീപനവും ഇത്തവണ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ ഏതു തരത്തിൽ ബാധിക്കുമെന്ന് വ്യക്തമാകേണ്ടതുണ്ട്.
