പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി മന്ത്രി കെടി ജലീല്‍. നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ…. എന്ന കാവ്യ ശകലമാണ് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് സംബന്ധിച്ച് ജലീല്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണം. മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ എഴുതിയ പ്രേമസംഗീതം എന്ന കൃതിയിലെ വരികളാണ് മന്ത്രി ഉദ്ധരിച്ചത്.
ഇന്ന് കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിയാണ് ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തിയത്. രാവിലെ വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തിയിരുന്നു. ആശുപത്രിയിലാണെന്ന് വീട്ടുകാര്‍ അറിയിച്ചതോടെ വനിതാപൊലീസിനെയടക്കം വരുത്തി വിജിലന്‍സ് സംഘം വീട് പരിശോധിച്ചു. മുന്‍കൂര്‍ ജാമ്യത്തിനും ഇബ്രാഹിംകുഞ്ഞ് നീക്കം തുടങ്ങി. എന്നാല്‍ ആശുപത്രിയിലെത്തിയ വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തെ ഓണ്‍ ലൈനായി കോടതിയില്‍ ഹാജരാക്കും എന്നാണ് സൂചന.
ഇബ്രാഹിംകുഞ്ഞിനു ചികിത്സ ആവശ്യമെന്നു ഡോക്ടര്‍ അറിയിച്ചു. ആശുപത്രിയില്‍ തന്നെ തുടര്‍ന്നേക്കും. ഇന്നലെ രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ സ്ഥിതിക്ക് ഇബ്രാഹിംകുഞ്ഞിന് വിജിലന്‍സ് നിരീക്ഷണത്തില്‍ ചികിത്സയില്‍ തുടരാം. പാലാരിവട്ടം പാലം അഴിമതി കേസില്‍ അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത കാര്യം അന്വേഷണസംഘം കോടതിയെ അറിയിച്ചേക്കും. നേരത്തെയും പലവട്ടം വിജിലന്‍സും ഇഡിയും ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും അറസ്റ്റിലേക്ക് കടന്നിരുന്നില്ല.
