നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കണം: ’21’ തികയാന്‍ കാത്ത് പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ ഇടത് സ്ഥാനാര്‍ത്ഥി രേഷ്മ മറിയം റോയ്

പ്രായം 21 തികയാന്‍ കാത്തിരിക്കുകയാണ് പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ രേഷ്മ മറിയം റോയ്. പതിനൊന്നാം വാര്‍ഡിലെ ഇടത് സ്ഥാനാര്‍ത്ഥിയായ രേഷ്മ മറിയം റോയിക്ക് നവംബര്‍ പതിനെട്ടിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായം തികയുകയുള്ളൂ. നവംബര്‍ 18നാണ് രേഷ്മയുടെ 21ാം പിറന്നാള്‍. 18ാം തീയതി കഴിഞ്ഞ് 21 വയസ്സ് പൂര്‍ത്തിയായിട്ട് വേണം രേഷ്മയ്ക്ക് 19ാം തീയതി നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍. 21 തികഞ്ഞ് പിറ്റേ ദിവസം തന്നെ നോമിനേഷന്‍ കൊടുക്കുന്ന ആദ്യ സ്ഥാനാര്‍ത്ഥിയാവും രേഷ്മ.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 19നാണ്. ഇതിന് തലേ ദിവസമാണ് രേഷ്മയ്ക്ക് 21 വയസ് തികയുന്നത്. തൊട്ടുപിന്നാലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് തീരുമാനം. എസ്.എഫ്.ഐയുടെ ജില്ലയിലെ പെണ്‍ കരുത്താണ് രേഷ്മ. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും.

ഇത്തവണ പതിനൊന്നാം വാര്‍ഡിലുള്ളവര്‍ തന്നെ വിജയിപ്പിക്കുമെന്നാണ് രേഷ്മയുടെ പ്രതീക്ഷ. മകളായും, സഹോദരിയായും, അനിയത്തിയായും വോട്ടര്‍മാര്‍ തന്നെ സ്വീകരിച്ചു. വാര്‍ഡിലെ താമസക്കാരി കൂടിയായതിനാല്‍ വിജയം ഉറപ്പാണെന്ന ശുഭ പ്രതീക്ഷയിലാണ് രേഷ്മ.

Exit mobile version