700 വര്‍ഷത്തിലധികം പഴക്കം; ആറ്റിങ്ങല്‍ കൊട്ടാരത്തിലെ മണ്ഡപക്കെട്ട് പൊളിഞ്ഞുവീണു

തിരുവനന്തപുരം: ആറ്റിങ്ങൽ കൊട്ടാരത്തിന്റെ മുഖമണ്ഡപത്തിന്റെ ഒരുവശം നിലംപതിച്ചു. അവശേഷിക്കുന്ന ഭാഗം ഏതുനിമിഷവും പൊളിഞ്ഞുവീഴാം. മുഖമണ്ഡപമുൾപ്പെടെയുള്ള കൊട്ടാരക്കെട്ട് നവീകരിച്ച് സംരക്ഷിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയെങ്കിലും സംരക്ഷണനടപടികൾ ആരംഭിക്കാനായിട്ടില്ല. മണ്ഡപക്കെട്ടുൾപ്പെടുന്ന കൊട്ടാരക്കെട്ട് സംരക്ഷിച്ച് പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിന് സംസ്ഥാനസർക്കാർ കഴിഞ്ഞ ബജറ്റിൽ മൂന്നുകോടിരൂപ വകയിരുത്തിയിരുന്നു. തുടർനടപടികളിലുണ്ടായ കാലതാമസമാണ് മണ്ഡപക്കെട്ട് പൊളിഞ്ഞുവീഴുന്നതിലേക്ക് നയിച്ചത്.

ആറ്റിങ്ങലിന്റെ തലയെടുപ്പാണ് കൊല്ലമ്പുഴയിലെ കൊട്ടാരവും അതിനുമുന്നിലെ മണ്ഡപക്കെട്ടും. 700 വർഷത്തിലധികം പഴക്കമുണ്ടിതിന്. എ.ഡി.1305ൽ കോലത്തുനാട്ടിൽ നിന്ന് വേണാട്ടിലേക്ക് ദത്തെടുത്ത രാജകുമാരിമാർക്ക് പാർക്കാൻവേണ്ടിയാണ് ആറ്റിങ്ങലിൽ കൊട്ടാരക്കെട്ടുകൾ നിർമിച്ചതെന്നാണ് ചരിത്രം. കേരളീയ വാസ്തുകലയുടെ മകുടോദാഹരണമാണീ നിർമിതി. കരിങ്കല്ലും മരവും ഓടും കൊണ്ട് എട്ടുകെട്ടിന്റെ മാതൃകയിലാണിത് നിർമിച്ചിട്ടുള്ളത്. ദേവസ്വം ബോർഡിന്റെ അധീനതയിലായിരുന്നു മണ്ഡപക്കെട്ടുൾപ്പെടെയുള്ള എടുപ്പുകൾ. ഭൂമിയുടെ അവകാശം ദേവസ്വംബോർഡിൽ നിലനിർത്തിക്കൊണ്ട് കെട്ടിടങ്ങൾ സംരക്ഷിക്കാനായി പുരാവസ്തുവകുപ്പിന് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ സംരക്ഷണനടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല.

മണ്ഡപക്കെട്ട് ചോർന്നൊലിച്ച് കഴുക്കോലുകൾ ദ്രവിച്ച് തുടങ്ങിയിട്ട് കാലമേറെയായി. മഴയും വെയിലുമേറ്റ് കഴുക്കോലുകളും ഉത്തരങ്ങളും കേടുവന്നതാണ് മേൽക്കൂര പൊളിഞ്ഞുവീഴാനിടയാക്കിയത്. ഇപ്പോൾ പൊളിഞ്ഞു വീണതിനോടുചേർന്നുള്ള ഭാഗം ഏതുനിമിഷവും നിലംപതിക്കാവുന്ന നിലയിലാണ്. സംരക്ഷണനടപടികൾ ഇനിയും വൈകിയാൽ ബാക്കിഭാഗം കൂടി തകർച്ചയിലേക്ക് നീങ്ങും

Exit mobile version