കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു; താത്കാലിക ചുമതല എ. വിജയരാഘവന്

സിപിഎം സംസ്ഥാനസെക്രട്ടറി സ്ഥാനത്തുനിന്ന് കോടിേയരി ബാലകൃഷ്ണന്‍ മാറി. പകരം താത്കാലിക ചുമതല എ. വിജയരാഘവന്‍ നിര്‍വഹിക്കും. ആരോഗ്യ പരമായ കാരണങ്ങളാല്‍ അവധി അനുവദിക്കണമെന്ന കോടിയേരിയുടെ അപേക്ഷ പരിഗണിച്ചാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. വാര്‍ത്താക്കുറിപ്പിലൂടെയാണ് കോടിയേരി സെക്രട്ടറി സ്ഥാനമൊഴിയുന്ന കാര്യം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കിയത്.

അവധി എത്രകാലത്തേയ്‌ക്കെന്ന് വ്യക്തമാക്കിയിട്ടില്ല. കുറച്ചുകൂടി ചികില്‍സവേണമെന്ന് കോടിയേരി ആവശ്യപ്പെട്ടത് ഇപ്പോള്‍ ആണെന്നും തുടര്‍ ചികില്‍സയ്ക്ക് അനുവാദം നല്‍കിയെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ‘സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ വിജയരാഘവന്‍ നിര്‍വ്വഹിക്കുന്നതാണ് ‘ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ ഉയര്‍ന്ന വന്ന ആരോപണങ്ങള്‍ നിലനില്‍ക്കുബോഴാണ് ചികിത്സ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണന്‍ അവധിയില്‍ പ്രവേശിക്കുന്നത്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാര്‍ട്ടി സെക്രട്ടറി അവധി ആവശ്യപ്പെടുന്ന സാഹചര്യം പതിവുള്ളതല്ല. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിങ്ങനെ നിര്‍ണായക ഘട്ടത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നത്.

 

 

 

 

Exit mobile version