കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അറിവ് ഉണ്ടായിരുന്നു എന്ന് മാത്രമല്ല ഒത്താശയും ചെയ്തുവെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡിപ്പാര്‍ട്മെന്റ്.
ശിവശങ്കറാണ് കള്ളക്കടത്തില്‍ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്നും നിര്‍ദേശിച്ചത്. ശിവശങ്കര്‍, നയതന്ത്ര ചാനലിലൂടെ സ്വര്‍ണമടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന് സജീവമായി ഇടപെട്ടിട്ടുണ്ട്.
മൂന്നാമത്തെ ലോക്കര്‍ സ്വപ്നയുടെ പേരില്‍ തുടങ്ങാനും ശിവശങ്കര്‍ പദ്ധതിയിട്ടുവെന്നും ഇത് സംബന്ധിച്ച വാട്സപ്പ് സന്ദേശം കഴിഞ്ഞ നവംബര്‍ 11 ന് ഇ അയച്ചുവെന്നും ഇഡി വ്യക്തമാക്കുന്നു.
മൂന്നാമത്തെ ലോക്കര്‍ തുടങ്ങാന്‍ ശിവശങ്കര്‍ പദ്ധതിയിട്ടത് കള്ളക്കടത്ത് വരുമാനം കൂടുതല്‍ വരുന്നത് കൊണ്ടാണെന്ന് ഇഡി പറയുന്നു. മുതിര്‍ന്ന കസ്റ്റംസ് ഓഫീസറെ നയതന്ത്രബാഗ് പരിശോധനയില്ലാതെ വിട്ട് കിട്ടാന്‍ വിളിച്ചതായി ശിവശങ്കര്‍ സമ്മതിച്ചു.
ഇത് സംബന്ധിച്ച മൊഴി നല്‍കിയത് കഴിഞ്ഞ മാസം 15 നാണ്. കസ്റ്റംസ് ഓഫീസറെ വിളിച്ചത് സ്വപ്ന ആവശ്യപ്പെട്ടിട്ടാണെന്നും ശിവശങ്കര്‍ മൊഴി നല്‍കിയയിട്ടുണ്ട്. ശിവശങ്കര്‍ ഇതിലൂടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് മനസിലാക്കുന്നതെന്നും ഇഡി പറയുന്നു.
