തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍നിന്ന് വിവാദ ഫയലുകളുടെ വിവരങ്ങള്‍ പുറത്തുവന്നതോടെ,സര്‍ക്കാര്‍ ഫയലുകളില്‍നിന്നുള്ള വിവരങ്ങള്‍ ചോരരുതെന്ന് വകുപ്പ് സെക്രട്ടറിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശനനിര്‍ദേശം. എവിടെനിന്നാണ് വിവരങ്ങള്‍ ചോരുന്നതെന്ന് അറിയാമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള നീക്കം ഉണ്ടാകരുത്.
ഉത്തമബോധ്യത്തില്‍ തീരുമാനമെടുക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം ഉണ്ടാകുമെന്നും തീരുമാനങ്ങളെടുക്കുന്നതില്‍ അനാവശ്യ ആശങ്കകള്‍ ഉണ്ടാകേണ്ട കാര്യമില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കി. യോഗ തീരുമാനങ്ങള്‍ ക്രോഡീകരിച്ച് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സെക്രട്ടറിമാര്‍ക്ക് സര്‍ക്കുലര്‍ ഇറക്കി.സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് കേന്ദ്ര അന്വേഷണം മുറുകിയ സാഹചര്യം കണക്കിലെടുത്താണ് വകുപ്പ് സെക്രട്ടറിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചതെന്നാണ് സൂചന.
വിവാദ പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരില്‍നിന്ന് ചോര്‍ന്നത് സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. സ്പ്രിംക്‌ളര്‍ മുതല്‍ ലൈഫ് മിഷന്‍ വരെയുള്ള പദ്ധതികളുടെ വിവരങ്ങള്‍ ചോര്‍ന്നത് സര്‍ക്കാരിന്റൈ പ്രതിരോധത്തെപോലും ബാധിച്ചിരുന്നു.തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട പശ്ചാത്തലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട് ആവശ്യമായ അനുമതി വാങ്ങാന്‍ സംവിധാനമൊരുക്കും. നാല് വര്‍ഷത്തെ ഭരണനേട്ടങ്ങളില്‍ ഉദ്യോഗസ്ഥരുടെ പങ്കിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.റൂള്‍സ് ഓഫ് ബിസിനസ് പരിഷ്‌കരിക്കാനുള്ള കരട് ചട്ടങ്ങളുടെ രേഖ ചോര്‍ന്നതിലും മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
