തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ കേരള പോലീസ് നിയമഭേദഗതി ഓര്‍ഡിനന്‍സിന്റെ ഭരണഘടനാ സാധുത ഗവര്‍ണര്‍ പരിശോധിക്കുന്നു. സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ നിലവിലെ നിയമവ്യവസ്ഥകള്‍ പോരെന്നു കണ്ടാണ് നിയമഭേദഗതി തീരുമാനിച്ചത്.
ഇത് പോലീസിന് അമിതാധികാരം നല്‍കുന്നതിനൊപ്പം മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതാണെന്ന ആക്ഷേപം ഉയര്‍ന്നതിനാലാണ് ഓര്‍ഡിനന്‍സില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുനിഞ്ഞത്.
ഭേദഗതിയുടെ ഭരണഘടനാസാധുത സംബന്ധിച്ച് വിദഗ്ധരുമായി അദ്ദേഹം ആശയവിനിമയം നടത്തിയതായാണ് വിവരം. കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് ഓര്‍ഡിനന്‍സ് തിരിച്ചയക്കാനും സാധ്യതയുണ്ട്.പോലീസ് നിയമത്തിലെ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് ഗവര്‍ണര്‍ക്ക് പരാതികള്‍ ലഭിച്ചിരുന്നു.
ഡല്‍ഹിയില്‍നിന്ന് മടങ്ങിയെത്തിയ ഗവര്‍ണര്‍ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിശ്രമത്തിലുള്ള അദ്ദേഹം ഓഫീസില്‍ മടങ്ങിയെത്തിയ ശേഷമാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാവുക.നിലവിലെ പോലീസ് നിയമത്തില്‍ 118-എ വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് മന്ത്രിസഭാ ശുപാര്‍ശ. വ്യക്തിയെ ഭീഷണിപ്പെടുത്താനോ, അപമാനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്നതാണ് വകുപ്പ്.
അഞ്ചുവര്‍ഷംവരെ തടവോ 10,000 രൂപവരെ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ വിധിക്കാനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്. സാമൂഹികമാധ്യമങ്ങളെ ഉദ്ദേശിച്ചാണ് വകുപ്പെന്നാണ് സര്‍ക്കാര്‍ ഭാഷ്യമെങ്കിലും എല്ലാ മാധ്യമങ്ങളെയും ഉദ്ദേശിച്ചാണിതെന്നും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നുമാണ് ആക്ഷേപം.
2000-ത്തിലെ ഐ.ടി. നിയമത്തിലെ 66-എ വകുപ്പും 2011-ലെ പോലീസ് നിയമത്തിലെ 118-ഡി വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്നുകണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
