ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് നേര്‍ച്ച; യുവാവ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

ഉയര്‍ന്ന ശമ്പളത്തില്‍ ജോലി കിട്ടിയതിന് പിന്നാലെ കന്യാകുമാരി സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. കന്യാകുമാരി സ്വദേശിയായ നവീന്‍ (32) ആണ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി കിട്ടിയതിന് പിന്നാലെ ആത്മഹത്യ ചെയ്തത്. ഏറെ നാളായി ജോലി ലഭിക്കാത്തതില്‍ നിരാശനായിരുന്നു നവീന്‍.

താന്‍ ആഗ്രഹിച്ച പോലെ ജോലി ലഭിച്ചാല്‍ തന്റെ ജീവന്‍ ദൈവത്തിനായി സമര്‍പ്പിക്കാമെന്ന് ഇയാള്‍ നേര്‍ച്ച നല്‍കിയിരുന്നു. വൈകാതെ ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ബ്രാഞ്ചില്‍ യുവാവിന് ജോലി കിട്ടി. ജോലി കിട്ടിയതില്‍ സന്തോഷവാനായിരുന്നുവെങ്കിലും ദൈവത്തിന് നല്‍കിയ വാക്ക് പാലിക്കുന്നതിനായി യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ജോലി നേടി 15 ദിവസങ്ങള്‍ക്ക് ശേഷം ട്രെയിന് മുന്നില്‍ ചാടിയാണ് ഇയാള്‍ ജീവനൊടുക്കിയത്.

ശനിയാഴ്ച രാവിലെയാണ് നാഗര്‍കോവില്‍ പുത്തേരിയെന്ന സ്ഥലത്തെ റെയില്‍ പാളത്തില്‍ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം മൃതദേഹം ഛിന്നഭിന്നമായിരുന്നു. സമീപത്തു നിന്ന് പാസ്പോര്‍ട്ടും മറ്റു രേഖകളും ഒരു കുറിപ്പും കണ്ടെത്തി. ഇതില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. നേര്‍ച്ച നിറവേറ്റനാണ് ആത്മഹത്യയെന്ന് ഈ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ നാഗര്‍കോവില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Exit mobile version