ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ കര്‍ണാടക ഹൈക്കോടതിയിലേക്ക്. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓഖയെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ആണ് ശ്രമം. ബിനീഷിനെ കാണാന്‍ വന്ന സഹോദരനേയും അഭിഭാഷകരെയും മടക്കി അയച്ചിരുന്നു. അതേസമയം, ബംഗളൂരു ലഹരി കേസ് എന്‍ഐഎ അന്വേഷിച്ചേക്കും. പ്രതികളുടെ തീവ്രവാദ ബന്ധം എന്‍ഐഎ അന്വേഷിക്കണമെന്നാണ് ശുപാര്‍ശ. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാണ്.
ബിനീഷിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കസ്റ്റഡി അപേക്ഷ ഇഡി നല്‍കിയപ്പോള്‍ അതിനെ എതിര്‍ക്കുന്നതിനടക്കം സെഷന്‍സ് കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വക്കാലത്ത് ഒഴിഞ്ഞിരുന്നു. ശേഷം രണ്ട് മുതിര്‍ന്ന അഭിഭാഷകരാണ് ബിനീഷിന്റെ വക്കാലത്ത് ഏറ്റെടുത്തത്. വക്കാലത്ത് ഏറ്റെടുത്ത ഉടന്‍ തന്നെ അവര്‍ ഇഡി ഓഫീസിലേക്കെത്തി പ്രതിയെ കാണണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, അനുവാദം ലഭിച്ചില്ല. അതിനു ശേഷം ബിനോയ് കോടിയേരിയടക്കമുള്ളവരെ ഓഫീസിലെത്തിച്ച് അഭിഭാഷകര്‍ സന്ദര്‍ശനത്തിന് അനുമതി തേടിയെങ്കിലും അവരെ മടക്കി അയച്ചു. ഉദ്യോഗസ്ഥരുമായി നേരിയ തോതില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. ഇതിനു ശേഷമാണ്, പ്രതിയെ കാണാന്‍ അനുവദിക്കാത്ത നടപടിക്കെതിരെ കര്‍ണാടക ചീഫ് ജസ്റ്റിസിനെ കാണാന്‍ ശ്രമിക്കുമെന്ന് അഭിഭാഷകര്‍ അറിയിച്ചത്.
ലഹരിമരുന്ന് കേസിലെ പണമിടപാടില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇന്നലത്തെ ചോദ്യംചെയ്യല്‍ 11 മണിക്കൂര്‍ നീണ്ടു. ഇതിനുശേഷം വില്‍സണ്‍ ഗാര്‍ഡന് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് മാറ്റുകയായിരുന്നു. ലഹരിമരുന്ന് ഇടപാടിനായി അനൂപ് മുഹമ്മദിന് എത്ര തുക കൈമാറിയെന്നത് സംബന്ധിച്ചാണ് ഇഡി പ്രധാനമായിട്ടും ചോദിച്ചറിയുന്നത്.
പണം കൈമാറിയിട്ടുണ്ടെന്ന് ബിനീഷ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ എത്രയാണ് തുകയെന്നും എപ്പോഴോക്കെയാണ് കൈമാറിയതെന്നും വെളിപെടുത്താന്‍ തയാറായിട്ടില്ല. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയും നിശബ്ദത പാലിക്കുകയും ചെയ്യുകയാണെന്ന് ഇ.ഡി പറയുന്നു. അതേസമയം ലഹരി ഇടപാടുകള്‍ ബിനീഷിനു അറിയില്ലായെന്ന അനൂപിന്റെ മൊഴി ഇ.ഡി കാര്യമായിട്ടെടുത്തിട്ടില്ല.
