ചോദ്യം ചെയ്തത് ആറു മണിക്കൂറോളം; ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഇ.ഡി; പ്രതിപക്ഷ വാദങ്ങള്‍ക്ക് മൂര്‍ച്ചയേറുന്നു; സര്‍ക്കാര്‍ പ്രതിരോധത്തില്‍

തിരുവവന്തപുരം: കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാട് തുടങ്ങിയ കുറ്റങ്ങളാണ് ശിവശങ്കറിന് മേൽ ചുമത്തിയിരിക്കുന്നത്.

ശിവശങ്കർ ചികിത്സയിലുള്ള വഞ്ചിയൂരിലെ ആയുർവേദ കേന്ദ്രത്തിലെത്തിയാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ഇഡിയും കസ്റ്റംസും റജിസ്റ്റർ ചെയ്ത കേസുകളിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഇത്. ജാമ്യാപേക്ഷ തള്ളി മിനിറ്റുകൾക്കകമാണ് തിരുവനന്തപുരത്തെ കേന്ദ്രത്തിൽനിന്ന് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്.

വൈകുന്നേരം 3.15 ഓടെയാണ് ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസില്‍ എത്തിച്ചത്. സ്വര്‍ണകടത്തിന്റെ ഗൂഢാലോചനയില്‍ എം. ശിവശങ്കറിന് സജീവ പങ്കുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ വാദം.

സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപയാണ് ശിവശങ്കറിനെതിരെ ശക്തമായ തെളിവായത്. ഈ ലോക്കർ തുറക്കാൻ മുൻകൈ എടുത്തത് ശിവശങ്കറായിരുന്നു. ലോക്കറിലെ പണം ശിവശങ്കറിൻറേത് കൂടിയെന്ന് ഇ ഡി കണ്ടെത്തി. കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനം എന്നും തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

30 ലക്ഷം ഒളിപ്പിക്കാന്‍ സ്വപ്‌ന സുരേഷിനെ ശിവശങ്കര്‍ സഹായിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയാണ് ശിവശങ്കറിനെതിരെ നിര്‍ണായകമായത്. വ്യാഴാഴ്ച അദ്ദേഹത്തെ എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

നേരത്തെ ഇ.ഡിയുടെ സ്‌പെഷ്യല്‍ ഡയറക്ടര്‍ സുശീല്‍ കുമാര്‍ ചെന്നൈയില്‍നിന്ന് കൊച്ചിയിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയിലെ എന്‍ഫോഴ്‌സ്‌മെന്റിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലിനെ ഇ.ഡി വിളിച്ചുവരുത്തി നിയമവശങ്ങള്‍ ചര്‍ച്ച ചെയ്യുകയുമുണ്ടായി.

അതേസമയം, എം. ശിവശങ്കറിന്റെ അറസ്റ്റോടെ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ക്ക് മൂര്‍ച്ചയേറും. സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറുടെ പേര് ഉയര്‍ന്നപ്പോള്‍ തന്നെ പ്രതിപക്ഷം ആക്രമണത്തിന്റെ കുന്തമുന തിരിച്ചത് മുഖ്യമന്ത്രിക്കെതിരെയാണ്.

Exit mobile version